ക്ഷേത്രനടയിലെ കല്‍പ്പടവ്: പരിശോധനക്ക് നിയോഗിച്ചത് ഒരൊറ്റ ഉദ്യോഗസ്ഥനെ

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:23 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പുരാതന കല്‍പ്പടവുകളും വെട്ടുകല്ലില്‍ തീര്‍ത്ത ഓവുചാലും കണ്ടെത്തിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പരിശോധനക്കായി വകുപ്പ് നിയോഗിച്ചിരിക്കുന്നത് ഒരു ഉദ്യോഗസ്ഥനെ മാത്രം. ഈ കല്‍പ്പടവുകളുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ചും കാലപ്പഴക്കത്തെക്കുറിച്ചും പരിശോധന നടത്തുന്നത് പുരാവസ്തു വകുപ്പിലെ ഉദ്ഖനന വിഭാഗം അസിസ്റ്റന്റ് മോഹനചന്ദ്രന്‍ തനിച്ചാണ്.

സ്ഥലത്തെ മണ്ണും കല്ലും പരിശോധിക്കുന്നതും കാലപ്പഴക്കം നിശ്ചയിക്കുന്നതുമെല്ലാം ഈ ഉദ്യോഗസ്ഥന്‍ തനിച്ചാണ്. ഇദ്ദേഹത്തിന്റെ സഹായത്തിന് ഒരു പ്യൂണിനെ പോലും പുരാവസ്തു വകുപ്പ് നല്‍കിയിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന് തൊട്ടടുത്ത് കണ്ടെത്തിയ ഈ കല്‍പ്പടവുകള്‍ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുകളില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
യഥാര്‍ഥത്തില്‍ ഉദ്ഖനന വിഭാഗത്തിന്റെ തലവനായ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരം പരിശോധനകള്‍ നടത്തേണ്ടത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി ഈ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെ ഒഴിവ് നികത്തുന്നതിനുള്ള നടപടികളൊന്നും വകുപ്പ് സ്വീകരിച്ചിട്ടില്ല. തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥനായതിനാലും ഉദ്ഖനന വിഭാഗത്തില്‍ പരിചയസമ്പന്നനായതിനാലുമാണ് മോഹനചന്ദ്രനെ ഈ ജോലിക്ക് ചുമതലപ്പെടുത്തിയത്. എന്നാല്‍ ഖനനത്തില്‍ കണ്ടെത്തുന്ന വിവരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നിഗമനത്തിലെത്താനും തത്തുല്യ യോഗ്യതയുള്ള ഒരു ഉദ്യോഗസ്ഥന്‍ കൂടി ആവശ്യമാണ്. ഒറ്റക്കായതിനാല്‍ എല്ലാ ജോലിയും സമയനിഷ്ഠമായി പൂര്‍ത്തിയാക്കാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ക്ഷേത്രത്തിന് ചുറ്റും അതീവ സുരക്ഷാമേഖലയായതിനാല്‍ അധികനാള്‍ ഖനനം തുടരുന്നതിന് തടസ്സമാകും.
സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് റോഡില്‍ കുഴിയെടുക്കുന്നതിനിടെയാണ് പുരാതന കല്‍പ്പടവുകള്‍ കണ്ടെത്തിയത്.