ചെറുവള്ളിക്കാവില്‍ രണ്ടരക്കോടി രൂപയുടെ ചന്ദനമുട്ടികള്‍ പിടികൂടി

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:19 pm

തിരുവനന്തപുരം: ചെറുവള്ളിക്കാവില്‍ രണ്ടരക്കോടി രൂപ വില വരുന്ന ചന്ദനമുട്ടികള്‍ പോലീസ് പിടികൂടി. ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ് ചന്ദനമുട്ടികളാണ് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോത്തന്‍കോട്ടെ ഷംനാദ്, കഴക്കൂട്ടം സ്വദേശി ജോണ്‍സണ്‍, ശാര്‍ക്കര സ്വദേശികളായ ഫ്രെഡി, പ്രദീപ് എന്നിവരാണ് പിടിയിലായത്. ചെറുവള്ളിക്കാവില്‍ നിന്നാണ് ആറ് ചന്ദനമുട്ടികളുമായി നാലംഗ സംഘം പിടിയിലായത്.
ചെറുവള്ളിക്കാവ് കേന്ദ്രീകരിച്ച് ചന്ദനക്കച്ചവടം നടക്കുന്നതായി രാവിലെ തന്നെ ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന്് മഫ്തിയില്‍ നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ കച്ചവടക്കാരെന്ന നിലയില്‍ പ്രതികളെ വിളിച്ചു വരുത്തി. ഒരു ബൈക്കിന്റെ അകമ്പടിയോടെ ഓട്ടോയില്‍ ചന്ദനമുട്ടികളുമായി എത്തിയ സംഘത്തെ സാഹസികമായാണ് പിടികൂടിയത്.
ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചന്ദന മുട്ടികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വിപണിയില്‍ രണ്ട് കോടി രൂപ വിലയുണ്ടെന്ന് കണക്കാക്കുന്നു.
പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. ചുള്ളിമാനൂര്‍, പാലോട് റേഞ്ച് ഓഫീസിലെ വനപാലകരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.