വെംഗര്‍ ആത്മവിശ്വാസത്തിലാണ് വില്‍ഷെയറിന്റെ കാര്യത്തില്‍

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:08 pm

ആഴ്‌സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ജാക്ക് വില്‍ഷെയറിന്റെ കാര്യത്തില്‍ ആര്‍സെന്‍ വെംഗര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. വില്‍ഷെയര്‍ ഉറപ്പായിട്ടും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുന്ന കാര്യത്തിലാണ് ഗണ്ണേഴ്‌സിന്റെ കോച്ചിന് ഈ ആത്മവിശ്വാസം. കാരണം വില്‍ഷെയര്‍ നൂറ് ശതമാനം ആരോഗ്യവാനാണ്. ഇംഗ്ലണ്ട് കോച്ച് ഹഡ്‌സണ്‍ ഈ മാസം 12ന് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കും.
വില്‍ഷെയറിന്റെ കാര്യത്തില്‍ ചൂതാട്ടത്തിന്റെ ആവശ്യം വരുന്നില്ല. അയാള്‍ പൂര്‍ണ ആരോഗ്യവാനാണ്. 22കാരന്റെ സാന്നിധ്യം ഇംഗ്ലണ്ട് ടീമിന് മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വെംഗര്‍ പറയുന്നു.
നേരത്തെ മാര്‍ച്ച് അഞ്ചിന് ഡെന്‍മാര്‍ക്കുമായി നടന്ന സൗഹൃദ ഫുട്‌ബോളിനുള്ള ഇംഗ്ലീഷ് ടീമിലേക്ക് വില്‍ഷെയറിനെ പരിഗണിച്ചിരുന്നില്ല. പരുക്കായിരുന്നു അതിന് കാരണം.
ബ്രസീലിലെത്തുന്ന ഇംഗ്ലണ്ട് ടീം മൂന്ന് പരിശീലന മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ ജൂണ്‍ 14ന് ഇറ്റലിയുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ പോരാട്ടം.