യൂറോപ്പ ലീഗ് ഫൈനല്‍: സെവില്ല- ബെന്‍ഫിക്ക ഏറ്റുമുട്ടും

Posted on: May 3, 2014 6:00 am | Last updated: May 3, 2014 at 6:04 pm
6296fca492f994da57c9f4686f44316619720967
ഫൈനല്‍ പ്രവേശം ബെന്‍ഫിക്ക താരങ്ങള്‍ ആഘോഷിക്കുന്നു

ടുറിന്‍: യൂറോപ്പ ലീഗ് കപ്പിന്റെ ഫൈനലില്‍ സ്പാനിഷ് ക്ലബ് സെവില്ലയും പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയും ഏറ്റുമുട്ടും. സെമി പോരാട്ടത്തില്‍ സെവില്ല, വലന്‍സിയയെ ഇരു പാദങ്ങളിലുമായി 3-3ന് സമനിലയില്‍ തളച്ച് എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ഫൈനലിന് അര്‍ഹരായത്. ബെന്‍ഫിക്ക ഇറ്റാലിയന്‍ കരുത്തരായ ജുവന്റസിനെ ഇരു പാദങ്ങളിലുമായി 2-1ന് കീഴടക്കിയാണ് കലാശപ്പോരിനെത്തുന്നത്.
കഴിഞ്ഞ തവണയും ഫൈനലിലെത്തിയ ടീമാണ് ബെന്‍ഫിക്ക. അന്ന് ചെല്‍സിയോട് കീഴടങ്ങുകയായിരുന്നു അവര്‍.
ആദ്യ പാദത്തില്‍ സ്വന്തം മണ്ണില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച സെവില്ല രണ്ടാം പാദ പോരാട്ടത്തില്‍ വലന്‍സിയക്കെതിരെ പരാജയപ്പെട്ടെങ്കിലും ഒരു ഗോള്‍ തിരിച്ചടിച്ചത് അവര്‍ക്ക് അനുഗ്രഹമാകുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ വലന്‍സിയയോട് കീഴടങ്ങിയെങ്കിലും ഒരു എവേ ഗോള്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അവര്‍ സ്വന്തമാക്കുകയായിരുന്നു. ഒപ്പം കൈവിട്ടുപോയ മത്സരവും. ഫൈനല്‍ ബര്‍ത്തും. കാമറൂണ്‍ താരം സ്റ്റീഫന്‍ എംബിയയുടെ നിര്‍ണായക ഗോളാണ് സെവില്ലയെ ഫൈനലിലെത്തിച്ചത്.
ഇടവേളയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്തുറ്റ പ്രതിരോധത്തിലൂടെ ജുവന്റസിനെ ഗോളടിപ്പിക്കാതെ 0-0ത്തിന്റെ സമനില പിടിച്ചാണ് ബെന്‍ഫിക്ക സെമി പോരാട്ടം കടന്നത്. ആദ്യ പാദത്തില്‍ 2-1ന് വിജയിച്ചതിന്റെ ആനുകൂല്യത്തില്‍ അവര്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. കളി തുടങ്ങി 23 മിനുട്ട് പിന്നിട്ടപ്പോള്‍ തന്നെ ബെന്‍ഫിക്കയുടെ അര്‍ജന്റീന താരം ഇനോ പെരസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും കാര്‍ലോസ് ടെവസ് അടക്കമുള്ള കരുത്തരണിനിരന്ന ജുവന്റസിനെ അവര്‍ ഗോളടിക്കാന്‍ സമ്മതിക്കാതെ നിര്‍ത്തിയത് മത്സരത്തെ ശ്രദ്ധേയമാക്കി. സ്വന്തം മൈതാനത്ത് 25 മത്സരങ്ങള്‍ ഈ സീസണില്‍ കളിച്ച ജുവന്റസിന് ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിക്കാത്ത മത്സരമായും ഈ പോരാട്ടം മാറി.
ഈ മാസം 14ന് ജുവന്റസിന്റെ ഹോം ഗ്രൗണ്ടായ ടുറിനില്‍ നടക്കുന്ന ഫൈനലില്‍ സെവില്ല- ബെന്‍ഫിക്ക പോരാട്ടം അരങ്ങേറും.