Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ലിസ്ബണില്‍ മാഡ്രിഡ് ഡെര്‍ബി

Published

|

Last Updated

140430164120-atleticocl-single-image-cut

ചെല്‍സിയെ കീഴടക്കി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്ന അത്‌ലറ്റിക്കോ താരങ്ങളുടെ ആഹ്ലാദം

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതി ചേര്‍ത്താണ് ഇത്തവണ കലാശപ്പോരിന് കളമൊരുങ്ങിയിരിക്കുന്നത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ഈ മാസം 24ന് സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആദ്യമായി ഒരു നഗരത്തില്‍ നിന്നുള്ള രണ്ട് ക്ലബുകള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി പൊരുതുന്നതിന് ലോകം സാക്ഷികളാകും. കിരീട നിലനിര്‍ത്തുമെന്ന് കരുതപ്പെട്ടിരുന്ന നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഇരുപാദങ്ങളിലുമായി 5-0ത്തിന് തകര്‍ത്താണ് സ്പാനിഷ് കരുത്തരായ റയല്‍ ഫൈനലിലെത്തിയത്. ഈ മാസം 24ന് ലിസ്ബണില്‍ മാഡ്രിഡ് ഡെര്‍ബി നടക്കുമെന്ന് ചുരുക്കം.
ജോസെ മൗറീഞ്ഞോയുടെ തന്ത്രങ്ങളുടെ ആത്മവിശ്വാസത്തില്‍ സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ഇംഗ്ലീഷ് കരുത്തര്‍ ചെല്‍സിയെ ഇരുപാദങ്ങളിലുമായി 3-1ന് വീഴ്ത്തിയാണ് അത്‌ലറ്റിക്കോയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു ഇരു പക്ഷവും. രണ്ടാം പോരാട്ടത്തിനായി ചെല്‍സിയുടെ തട്ടകത്തിലെത്തിയ അത്‌ലറ്റിക്കോക്ക് വിജയം ആരും കല്‍പ്പിച്ചില്ല. എന്നാല്‍ മറിച്ചാണ് കാര്യങ്ങള്‍ സംഭവിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡീഗോ സിമിയോണിയുടെ കുട്ടികള്‍ മത്സരം അവസാനിപ്പിച്ചത്. കളിയുടെ 34ാം മിനുട്ടില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ ചെല്‍സി ലീഡെടുത്തെങ്കിലും പിന്നീട് കാര്യങ്ങള്‍ തീരുമാനിച്ചത് സ്പാനിഷ് ക്ലബായിരുന്നു. അഡ്രിയാനിലൂടെ 44ാം മിനുട്ടില്‍ സമനില പിടിച്ച അത്‌ലറ്റിക്കോ 60ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുടെ പെനാല്‍റ്റി ഗോളിലൂടെ ലീഡുയര്‍ത്തി. 72ാം മിനുട്ടില്‍ ആര്‍ദ ടുറാനിലൂടെ പട്ടിക പൂര്‍ത്തിയാക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
ഒരേ രാജ്യത്തുള്ള ക്ലബുകള്‍ ഇതിന് മുമ്പും ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. 2000ത്തില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് ക്ലബായ വലന്‍സിയയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. 2003ല്‍ ഇറ്റാലിയന്‍ ക്ലബുകളായ എ സി മിലാന്‍- ജുവന്റസ് പോരാട്ടം നടന്നു. 2008ല്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും ഏറ്റുമുട്ടി. ഒടുവില്‍ കഴിഞ്ഞ തവണ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ നേരിട്ടത് ബൊറൂസിയ ഡോട്മുണ്ടിനെ.
ഒരേ നഗരത്തിലെ രണ്ട് ക്ലബുകള്‍ നടാടെ ഫൈനല്‍ പോരിനിറങ്ങുമ്പോള്‍ പരിശീലകരായ കാര്‍ലോ ആന്‍സലോട്ടി- ഡീഗോ സിമിയോണി പോരാട്ടമായും മത്സരം മാറും. സ്പാനിഷ് ലാ ലീഗയില്‍ ഈ സീസണില്‍ ഇരു പക്ഷവും ഏറ്റുമുട്ടിയതിന്റെ ആത്മവിശ്വാസം രണ്ട് കോച്ചുമാര്‍ക്കും തന്ത്രങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായമായിട്ടുണ്ടാകും. അതിനാല്‍ തന്നെ ഫൈനലില്‍ ആര് വിജയിക്കുമെന്നത് ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് പറയാം. മറ്റൊന്ന് ഇരു പക്ഷത്തെയും മൂന്ന് കളിക്കാരുടെ സാന്നിധ്യങ്ങളാണ്. റയല്‍ നിരയില്‍ ചാമ്പ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടയിലെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തിരുത്തിക്കുറിച്ച് കുതിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍, കരിം ബെന്‍സിമ എന്നിവര്‍ നില്‍ക്കുമ്പോള്‍ അത്‌ലറ്റിക്കോയുടെ മുന്നേറ്റങ്ങളിലെ ശക്തിദുര്‍ഗ്ഗങ്ങളായി നിലകൊള്ളുന്നത് ഡീഗോ കോസ്റ്റ്, ഡേവിഡ് വിയ, കോക്കെ എന്നിവരാണ്. ഇവരുടെ പോരാട്ടവും ശ്രദ്ധേയമാകും. ആര് ആരെ തളക്കും എന്നത് കൗതുകകരമായി നില്‍ക്കുന്ന വസ്തുത കൂടിയാണ്.
അതേസമയം കലാശപ്പോരാട്ടം ലിസ്ബണില്‍ നടക്കുമ്പോള്‍ റയലിന് ഒരു കാര്യത്തില്‍ അല്‍പ്പം മുന്‍തൂക്കം ലഭിക്കുന്നുണ്ട്. അത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ കാര്യത്തിലാണ്. സ്വന്തം നാട്ടിലെ മൈതാനമാണ് ലിസ്ബണ്‍ എന്നതാണ് സൂപ്പര്‍ താരത്തിന് അനുകൂലമായി നില്‍ക്കുന്ന അധിക ഘടകം. എങ്കിലും ഡീഗോ സിമിയോണി എന്ന മുന്‍ അത്‌ലറ്റിക്കോ താരം കൂടിയായ കോച്ചിന്റെ മികവാണ് അവരുടെ കരുത്തായി നില്‍ക്കുന്ന പ്രധാന കാര്യം. അത് മധ്യനിരക്കാരന്‍ തിയാഗോയുടെ വാക്കില്‍ നിന്നുതന്നെ വായിക്കാം. സിമിയോണി തങ്ങളുടെ ചിന്താഗതി അടിമുടി മാറ്റിക്കളഞ്ഞു. ഞങ്ങള്‍ ഒന്നുപോലെ അധ്വാനിക്കുന്നു. ഒരു ടീമായി ഞങ്ങള്‍ പോരാടുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ നിരയാണ് തങ്ങളുടേത് എന്ന ചിന്താഗതിയാണ് കളിക്കാനിറങ്ങുമ്പോള്‍ ഓരോരുത്തരിലുമുള്ളത് തിയാഗോ പറഞ്ഞു.
2002ലാണ് റയല്‍ മാഡ്രിഡ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. അന്ന് ഫ്രഞ്ച് ഇതിഹാസവും ഇപ്പോഴത്തെ സഹ പരിശീലകനുമായ സിനദിന്‍ സിദാന്റെ ഗോളാണ് അവര്‍ക്ക് കിരീടം സമ്മാനിച്ചത്. അതേസമയം അത്‌ലറ്റിക്കോയാകട്ടെ അവസാനമായി യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലില്‍ കളിക്കുന്നത് 1974ലാണ്. ഇപ്പോഴത്തെ കോച്ച് സിമിയോണിക്ക് അന്ന് നാല് വയസ്സാണ് പ്രായം.
ഏന്തായാലും ഈ മാസം 24ന് മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സിമിയോണിയുടെ ടീം വര്‍ക്കിനെ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രം കൊണ്ട് ആന്‍സലോട്ടി മറികടക്കുമോയെന്ന് കാത്തിരുന്ന് കാണാം. ആര് കിരീടം നേടിയാലും മാഡ്രിഡ് നഗരത്തിന് സ്വന്തമാകും യൂറോപ്പിലെ രാജാക്കന്‍മാര്‍ക്കുള്ള കപ്പ്.

Latest