റണ്‍വേ അറ്റക്കുറ്റപ്പണി; കരിപ്പൂരില്‍ വിമാനസമയങ്ങളില്‍ മാറ്റം

Posted on: May 3, 2014 9:51 am | Last updated: May 3, 2014 at 11:58 pm

karipurകരിപ്പൂര്‍: അറ്റക്കുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ അടക്കുന്നു. ഇതേതുടര്‍ന്ന് വിമാനസമയങ്ങളില്‍ മാറ്റം വരുത്തി. ചൊവ്വാഴ്ച മുതലാണ് റണ്‍വേ ഭാഗീകമായി അടക്കുക. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയായിരിക്കും അറ്റക്കുറ്റപ്പണി. ഈ സമയത്ത് ഇവിടെ നിന്ന് പുറപ്പെടുകയും ഇവിടെ എത്തുകയും ചെയ്യുന്ന വിമാനങ്ങളുടെ സമയമാണ് പുനക്രമീകരിച്ചത്.

രാത്രി 8.30ന് എത്തി ജിദ്ദയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനം വൈകീട്ട് 7.20ന് എത്തി 8.20ന് ജിദ്ദയിലേക്ക് പോകും. രാത്രി 9.45ന് പുറപ്പെടുന്ന എമിറേറ്റ്‌സിന്റെ ദുബൈ വിമാനം ഒമ്പതിന് കരിപ്പൂര്‍ വിടും. പുലര്‍ച്ചെ 4.15ന് എത്തേണ്ട ഇത്തിഹാദ് വിമാനം 4.45നായിരിക്കും കരിപ്പൂരില്‍ എത്തുക.

അതേസമയം, കോഴിക്കോട് – റിയാദ് വിമാനം ഒരു മാസം നെടുമ്പാശ്ശേരി വഴി തിരിച്ചുവിടും. ഈ വിമാനം റദ്ദാക്കേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അലോക് കുമാര്‍ സാബു നെടുമ്പാശ്ശേരി വിമാനത്താവളം എം ഡി വി ജെ കുര്യനുമായി സംസാരിച്ച് താത്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു.