Connect with us

International

അഫ്ഗാന്‍ മണ്ണിടിച്ചില്‍: മരണം 2100 കവിഞ്ഞു

Published

|

Last Updated

കാബൂള്‍: കനത്ത മഴയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 2100 കവിഞ്ഞു. 300 കുടുംബങ്ങളില്‍ നിന്നുള്ള 2100 പേര്‍ മരിച്ചതായി പ്രവിശ്യാ ഭരണാധികാരികള്‍ സ്ഥിരീകരിച്ചു. 350 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

ബഡക്ഷാന്‍ പ്രവിശ്യയിലെ ആര്‍ഗോ ജില്ലയിലുള്ള അബി ബറാക്ക് ഗ്രാമത്തിലാണ് വന്‍ പ്രകൃതിദുരന്തമുണ്ടായത്. അവധിദിവസമായ വെള്ളിയാഴ്ചയാണ് വന്‍ അത്യാഹിതമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന മഴക്കൊടുവില്‍ കൂറ്റന്‍ കുന്നുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. താഴ് വാരത്ത് താമസിച്ചിരുന്നവാരണ് ദുരന്തത്തില്‍പ്പെട്ടത്. ഗ്രാമത്തിന്റെ പകുതിയോളം ഭാഗവും മണ്ണ് മൂടപ്പെട്ട നിലയിലാണ്. അവധിയായതിനാല്‍ ആളുകള്‍ ഏറിയ പങ്കും അവരവരുടെ വീടുകളിലായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് ഒത്തുകൂടിയിരുന്ന നൂറുകണക്കിന് ആളുകളും ദുരന്തത്തിനിരകളായി. രണ്ട് പള്ളികളും മണ്ണുമൂടിപ്പോയിട്ടുണ്ട്.

മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നും രക്ഷ പ്രവര്‍ത്തനം കൂടതല്‍ മേഖലയിലേക്ക് വ്യപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും യുഎന്‍ സഭാവൃത്തങ്ങള്‍ അറിയിച്ചു. താജിക്കിസ്ഥാനോടും ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന മലയോര പ്രവിശ്യയാണ് ബധക്ഷാന്‍. അതേസമയം വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റുഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം 67,000 പേരെ ബാധിച്ചിട്ടുണ്ട്.