ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് അബ്ദുല്ല രാജാവിന് സമ്മാനിക്കും

Posted on: May 3, 2014 12:22 am | Last updated: May 3, 2014 at 12:22 am

New Imageഅബുദാബി: പുസ്തക മേളയുടെ ഏറ്റവും വലിയ സാംസ്‌കാരിക ചടങ്ങായ ശൈഖ് സായിദ് ബുക്ക് അവാര്‍ഡിലെ ഏറ്റവും ശേഷ്ട പുരസ്‌കാരമായ ആഗോള വ്യക്തിത്വ പുരസ്‌കാരം സഊദി ഭരണാധികാരി കിംഗ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന് സമ്മാനിക്കും. നാളെ (ഞായര്‍) എമിറേറ്റ്‌സ് പാലസില്‍ പ്രത്യേകം ക്ഷണിതാക്കള്‍ക്കായി ഒരുക്കിയിട്ടുള്ള ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ആഗോള സമാധാനത്തിനും മതസൗഹാര്‍ദത്തിനും അബ്ദുല്ല രാജാവ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് സമിതി ചെയര്‍മാന്‍ ഡോ. അലി അല്‍ തമീം പറഞ്ഞു. കൂടാതെ ഇരു ഹറമുകളുടെ ആധുനികവത്കരണവും മത-ഭൗതിക വൈജ്ഞാനിക മേഖലകളില്‍ നല്‍കിയ മഹത്തായ സംഭാവനകളും വിലപ്പെട്ടതാണെന്ന് ജൂറി അംഗങ്ങള്‍ പറഞ്ഞു. ഒരു മില്യണ്‍ ദിര്‍ഹമും ഫലകവുമാണ് പുരസ്‌കാരം. കൂടാതെ ഇതിന്റെ മറ്റു ഇനങ്ങളായ രാജ്യ പുരോഗതിക്ക് നല്‍കിയ സംഭാവന പുരസ്‌കാരം സഊദി സ്വദേശിയായ ഡോ. സഈദ് അബ്ദുല്ല അല്‍ സോയാന്‍ രചിച്ച ‘മുല്‍ഹമത്ത് അല്‍ തത്വവ്വര്‍ അല്‍ ബഷര്‍’ എന്ന ഗ്രന്ഥത്തിന് ലഭിച്ചു. കുട്ടികളുടെ സാഹിത്യത്തിനുള്ള പുരസ്‌കാരം ലബനന്‍ സ്വദേശി ജവദത്ത് ഫഖറുദ്ദീന്റെ ‘തേര്‍ട്ടി പോയം ഓഫ് ചില്‍ഡ്രന്‍സി’നും യുവ എഴുത്തുകാരുടെ ഇനത്തില്‍ ജോര്‍ദാന്‍ സ്വദേശി റാമി അബു ശിഹാബിന്റെ റസീസുല്‍ അല്‍ മുഖ്ത്തലാ എന്ന ഗ്രന്ഥത്തിനും പരിഭാഷാ പുരസ്‌കാരം തുനിസിയിലെ മുഹമ്മദ് അല്‍ താഹിറിന്റെ ഇസ്‌കാനുല്‍ ഗരീബിനും സാഹിത്യ പുരസ്‌കാരം ഈജിപ്തിലെ അബ്ദുര്‍റശീദിന്റെ ‘ബഅ്ദല്‍ ഖഹ്‌വ’ ഗ്രന്ഥത്തിനും അറബി-ഇതര ഭാഷാ ഇനത്തിലുള്ള പുരസ്‌കാരത്തിന് ഇറ്റലിയിലെ പ്രൊഫ. മാരിയോ ലവോറാനിയുടെ ഇമേജിനിംഗ് ബാബിലോണിനും പ്രസിദ്ധീകരണ സാങ്കേതികത്തികവ് ഇനത്തില്‍ തുനീസിയയിലെ ദി അറബ് ഫൗണ്ടേഷന്‍ ഹൗസ് ഓഫ് വിസ്ഡത്തിനും സമ്മാനിക്കും.
750,000 ദിര്‍ഹം വീതമാണ് സമ്മാനത്തുക. അറബി ഭാഷയുടെ വികാസത്തിനും സാംസ്‌കാരിക സാഹിത്യ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി അവരുടെ മഹത്തായ സംഭാവനകളെ ആദരിച്ചു കൊണ്ട് യു എ ഇ രാഷ്ട്രപിതാവും പ്രഥമ ഭരണാധികാരിയുമായ ശൈഖ് സായിദിന്റെ സ്മരണക്കായി 2006ലാണ് ശൈഖ് സായിദ് പുസ്തക പുരസ്‌കാരം ആരംഭിച്ചത്.