Connect with us

Gulf

വായനയുടെ പുതുവസന്തം

Published

|

Last Updated

പുസ്തകമേള ഡയറക്ടര്‍
ജുമാ അല്‍ ഖുബൈസി

സംസ്‌കാരങ്ങളെ രൂപപ്പെടുത്തുന്നതും പുതിയ ചിന്തകള്‍ക്ക് വഴിവെക്കുന്നതും നല്ല വായനകളാണ്. ഈ തിരിച്ചറിവാണ് പുസ്തകമേളകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ഇതു തന്നെയാണ് അബുദാബി രാജ്യാന്തര പുസ്തകമേളയിലൂടെ പ്രസരണം ചെയ്യപ്പെടുന്നതും.
57 രാജ്യങ്ങളിലെ 33 ഭാഷകളിലായി 1,125 പ്രസാധകരുടെ അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളടങ്ങുന്ന പുസ്തക ചന്ത അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയാണ് ഒരുക്കിയിട്ടുള്ളത്. നവ മാധ്യമങ്ങളുടെ കടന്നു കയറ്റം ഉണ്ടെങ്കിലും വായനയോടുള്ള അഭിരുചിയും സാധ്യതയും കുറവല്ല എന്നാണ് ഇത്രയും കൂടുതല്‍ പ്രസാധകരുടെ സാന്നിധ്യം ബോധ്യപ്പെടുത്തുന്നതെന്ന് 24-ാമത് പുസ്തക മേള ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാന്‍ പറയുകയുണ്ടായി.
കഥയും കവിതയും നോവലും മറ്റുമായി ചിന്താര്‍ഹമായ പഠനങ്ങള്‍ക്ക് വേദിയാകുന്ന കനപ്പെട്ട പുസ്തകങ്ങളുടെ വന്‍ ശേഖരവുമായാണ് ഈ വര്‍ഷം ലോകോത്തര പ്രസാധകര്‍ എത്തിയിട്ടുള്ളത്. ഇവര്‍ക്ക് ആതിഥ്യമരുളാനും വായനാപ്രേമികളെ ആകര്‍ഷിക്കാനു വിവിധ ചര്‍ച്ചകളും കൂടിക്കാഴ്ചകള്‍ക്കും വേദി ഒരുക്കാന്‍ സാധിച്ചതിലുള്ള സംതൃപ്തിയിലാണ് പുസ്തകമേള ഡയറക്ടര്‍ ജുമാ അല്‍ ഖുബൈസി. യുനെസ്‌കോയുടെ ലോക പുസ്തക ആസ്ഥാന നഗരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്നതിനാല്‍ യുനെസ്‌കോ സമിതി കോ ചെയര്‍ എറിക് യാംഗ് ഒരുക്കുന്ന സെമിനാര്‍ രാജ്യാന്തര പുസ്തകമേളക്ക് മാറ്റുകൂട്ടിയതായി അദ്ദേഹം പറഞ്ഞു.
ലോകോത്തര ചിന്തകരുടെ വേദിയായ പ്രൊഫഷനല്‍ പ്രോഗ്രാം, വിവിധ കലാ സാംസ്‌കാരിക രചന മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളുടെ വേദിയായ സാംസ്‌കാരിക വേദികള്‍, വിവിധ ചിത്ര രചനയിലും കാലിഗ്രാഫി, കലാ അധ്യാപകര്‍, ഗ്രാഫിക് നോവല്‍ ആര്‍ട്ടിസ്റ്റുകള്‍, ഡിസൈന്മാരുടെ ആഗോള വേദിയായി ഇല്ലസ്‌ട്രേഴ്‌സ് കോര്‍ണറും പാചക കലയില്‍ കൈപുണ്യം നേടിയ വിശ്വോത്തര പാചകക്കാരുടെ വേദിയായ കിച്ചണ്‍ കോര്‍ണറും യു എ ഇയിലെ വിവിധ മേഖലയിലെ പ്രശസ്തരായ രചയിതാക്കളുടെ വേദിയായ ഇമാറാത്തി ഓതേര്‍സ് കോര്‍ണര്‍, ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ആറ് മുതല്‍ 12 വയസു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി അവരുടെ അഭിരുചിയും വരയും ചിന്തയും കോരിയിടാന്‍ വിശാലമായ വേദിയാണ് ഒരുക്കിയിട്ടുള്ളത്.
ഇതില്‍ അബുദാബി എജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വിശാലമായ പവലിയന്‍ പ്രത്യേകം ശ്രദ്ധേയമാണ്. വായനയും സാംസ്‌കാരിക സംജ്ഞയും സമ്മേളിക്കുന്ന വായനാ സംസ്‌കാരത്തിന്റെ നിറഞ്ഞ വേദിയിലേക്ക് സ്വാഗതം.

 

Latest