ഷേഡോ ചെക്കിംഗ്: 700ല്‍ പരം നിയമ ലംഘകര്‍ക്കെതിരെ കേസ്‌

Posted on: May 3, 2014 6:00 am | Last updated: May 2, 2014 at 11:36 pm

കല്‍പ്പറ്റ: ആര്‍.ടി.ഓഫീസ് ആവിഷ്‌ക്കരിച്ച ഷാഡോ ചെക്കിംഗില്‍ 700ല്‍ പരം വാഹന നിയമ ലംഘകര്‍ക്കെതിരെ കേസെടുത്തു. ചെക്കിംഗിനിടെ നിര്‍ത്താതെ പോകുന്നവരുടെയും, ചെക്കിംഗ് ഒഴിവാക്കി കുറുക്കുവഴികളിലൂടെ പോകുന്നവരുടെയും എണ്ണം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആവിഷ്‌കരിച്ച് നടപ്പാക്കിയത്.
മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ. ബിജു ഐസക്കിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി ആവിഷ്‌കരിച്ചത്. ചെക്കിംഗിന് നിര്‍ത്താതെ പോകുന്നവരുടെയും, യാത്രയ്ക്കിടെ കാണുന്ന മറ്റ് നിയമ ലംഘകരുടെയും ഫോട്ടോ ക്യാമറയില്‍ പകര്‍ത്തി, ഓഫീസില്‍ നിന്നും നോട്ടീസ് അയക്കുന്ന രീതിയിലാണ് ഇത് നടപ്പാക്കിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 700 ല്‍ പരം പേരെയാണ് ഇത്തരത്തില്‍ പിടികൂടിയത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുക, സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിക്കുക, ശരിയായ രീതയിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് വാഹനം ഓടിക്കുക, രണ്ടില്‍ കൂടുതല്‍ പേര്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടിയെടുക്കുന്നത്.
നോട്ടീസ് ലഭിച്ച് ഓഫീസില്‍ എത്തുന്നവരില്‍ നിന്നും പിഴ ഈടാക്കി, താക്കീതും നല്‍കിയാണ് വിടുന്നത്. ഈ നടപടിയോടെ വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്കും, ചെക്കിംഗ് ഒഴിവാക്കി വഴിമാറി പോകുന്നവര്‍ക്കും രക്ഷാമാര്‍ഗ്ഗം ഇല്ലാതെ ആയിരിക്കയാണ്. പൊതുജനങ്ങളില്‍ നിന്നും നല്ല അഭിപ്രായം സ്വരൂപിക്കുന്നതിനും ഇതിനു കഴിഞ്ഞിട്ടുണ്ട്. നിര്‍ത്താതെ പോകുന്ന വാഹനത്തിന്റെ പുറകെ പോയി അപകടം ഉണ്ടാകുന്ന സ്ഥിതി ഇതില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവശം. ഇത്തരത്തിലുള്ള ചെക്കിംഗിന്റെ ഗുണങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് അവര്‍കളുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിലെ എല്ലാ ചെക്കിംഗ് ഓഫീസര്‍മാര്‍ക്കും ക്യാമറകള്‍ നല്‍കി ഇത്തരത്തിലുള്ള ചെക്കിംഗും നടപടികളും സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. അതിനായുള്ള ക്യാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ എല്ലാ ഓഫീസുകളിലും കൊടുത്ത് നടപടികള്‍ ആരംഭിക്കുന്നതായിരിക്കും എന്ന് എ.എം.വി.ഐ. പോള്‍ ജേക്കബ് അറിയിച്ചു. നോട്ടീസ് അയച്ചിട്ടും ഓഫീസില്‍ ഹാജരാകാത്തവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നവിധത്തിലുള്ള കര്‍ശന നടപടികള്‍ എടുക്കുമെന്നും ജില്ലയില്‍ എല്ലാദിവസവും എല്ലാഭാഗത്തും ചെക്കിംഗ് ഉണ്ടായിരിക്കുമെന്നും ആര്‍.ടി.ഒ. വി.സുരേഷ്‌കുമാര്‍ അറിയിച്ചു.