ബാര്‍ലൈസന്‍സ്: വി എം സുധീരന്റെ നിലപാടുകള്‍ അട്ടിമറിക്കാന്‍ എക്‌സൈസ് മന്ത്രിയുടെ ശ്രമമെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: May 3, 2014 1:08 am | Last updated: May 2, 2014 at 11:09 pm

youth congressകൊച്ചി: ബാര്‍ലൈസന്‍സ് വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം് സുധീരന്റെ നിലപാടുകള്‍ അട്ടിമറിക്കാന്‍ എക്‌സൈസ് മന്ത്രി കെ ബാബു ബോധപൂര്‍വ ശ്രമിക്കുകയാണെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശം. കെ ബാബുവിനെതിരെ നാലാം ഗ്രൂപ്പുകാരാണ് യോഗത്തില്‍ ആഞ്ഞടിച്ചത്. തുടര്‍ന്ന് കെ ബാബുവിന് അനുകൂലമായി എ ഗ്രൂപ്പ് രംഗത്തുവന്നതോടെ യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. സുധീരന്റെ തീരുമാനങ്ങള്‍ അട്ടിമറിച്ച് എടുത്തുചാടിയുള്ള നടപടികളാണ് മന്ത്രി കെ ബാബു ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നാണ് നാലാംഗ്രൂപ്പുകാരനും സംസ്ഥാന ജന. സെക്രട്ടറിയുമായ ടി ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം യോഗത്തില്‍ ആരോപിച്ചത്. മന്ത്രിയുടെ ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ കടുത്ത സംശയത്തിന് ഇടവരുത്തിയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, മൂന്നു വര്‍ഷം എക്‌സൈസ് വകുപ്പ് കെ ബാബുവിനെതിരെ പ്രതിപക്ഷത്തിന് പോലും രേഖാമൂലം അഴിമതി ആരോപണം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് എ ഗ്രൂപ്പ് തിരിച്ചടിച്ചു. ഏതൊരു എക്‌സൈസ് മന്ത്രിയെക്കാളും കാര്യക്ഷമമായി വകുപ്പ് മുന്നോട്ടുകൊണ്ടുപോകന്‍ കഴിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു.
സാമുദായിക നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. ഇടുക്കിയിലും ആലപ്പുഴയിലും സാമുദായിക സംഘടനകള്‍ യു ഡി എഫിനെ വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് വിജയം സാമുദായിക സംഘടനകള്‍ക്കെതിരെയുള്ള മതേതരത്വത്തിന്റെ വിജയമായിരിക്കുമെന്നും യൂത്ത്‌കോണ്‍ഗ്രസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.