ജീവനക്കാരുടെ അനാസ്ഥ: കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട 43 ലക്ഷം രൂപയുടെ രേഖകള്‍ എലി കരണ്ടു

Posted on: May 3, 2014 2:07 am | Last updated: May 2, 2014 at 11:07 pm

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയായി ജീവനക്കാരുടെ കെടുകാര്യസ്ഥതയും. ജീവനക്കാരുടെ അനാസ്ഥ മൂലം കോര്‍പ്പറേഷന് ലഭിക്കേണ്ടിയിരുന്ന അരക്കോടിയോളം രൂപയുടെ രേഖകളാണ് എലി കരണ്ട് നശിപ്പിച്ചത്. ശമ്പളം ഉള്‍പ്പെടെ അടിസ്ഥാന കാര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പാടുപെടുന്ന പ്രതിസന്ധി ഘട്ടത്തിലാണ് കെ എസ് ആര്‍ ടി സിക്ക് ജീവനക്കാരുടെ കെടുകാര്യസ്ഥത വിനയായത്. ജയില്‍ വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള 43 ലക്ഷം രൂപയുടെ രേഖകളാണ് കെ എസ് ആര്‍ ടി സി ആസ്ഥാനത്ത് നശിച്ചത്.

എന്നാല്‍ അശ്രദ്ധ മൂലം രേഖകള്‍ നശിച്ചതുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ചീഫ് ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് ഷിബുവിനെ യാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കാന്‍ ജയിലില്‍ നിന്ന് തടവുകാരെ കെ എസ് ആര്‍ ടി സി ബസുകളില്‍ കൊണ്ടുപോകുമ്പോള്‍ യാത്രക്കൂലിക്ക് പകരം വാറന്റുകളാണ് നല്‍കുന്നത്. ഒരു തടവുപുള്ളിക്കും രണ്ട് പോലീസുകാര്‍ക്കും ജയില്‍ സൂപ്രണ്ട് നല്‍കുന്ന വാറന്റിന്റെ പകര്‍പ്പ് ബസിലെ കണ്ടക്ടര്‍ക്ക് നല്‍കുമ്പോള്‍ അവര്‍ക്ക് യഥാര്‍ഥ യാത്രക്കൂലിക്കുള്ള ടിക്കറ്റ് ലഭിക്കുന്നു. യാത്രക്ക് ശേഷം ടിക്കറ്റ് സഹിതം വാറന്റ് പോലീസുകാര്‍ ജയിലില്‍ സമര്‍പ്പിക്കും. വാറന്റിന്റെ പകര്‍പ്പ് കണ്ടക്ടര്‍ ഡിപ്പോയില്‍ ഏല്‍പ്പിക്കുന്നത് പിന്നീട് ജയില്‍ വകുപ്പിലേക്ക് അയച്ചാണ് കെ എസ് ആര്‍ ടി സി ടിക്കറ്റ് തുക ഈടാക്കുന്നത്. ഇത്തരത്തിലുള്ള രണ്ടര വര്‍ഷത്തെ വാറന്റ് രേഖകളാണ് തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ചീഫ് ഓഫീസില്‍ എലി കരണ്ട് തിന്നത്. നേരത്തേ വാറന്റുകള്‍ ജയില്‍ വകുപ്പിലേക്ക് അയച്ച് ടിക്കറ്റ് തുക ഈടാക്കുന്ന നടപടി കെ എസ് ആര്‍ ടി സിയുടെ 93 ഡിപ്പോകളില്‍ നിന്ന് നേരിട്ടാണ് ചെയ്തിരുന്നത്. എന്നാല്‍, ഒരു ഓഫീസില്‍ നിന്ന് ഒരു ബില്‍ പോകുന്നതാണ് കൂടുതല്‍ സൗകര്യം എന്ന പേരില്‍ ജയില്‍ വകുപ്പിന് വാറന്റ് കൈമാറുന്നത് ചീഫ് ഓഫീസില്‍ നിന്ന് നേരിട്ടാക്കി. ഡിപ്പോകളില്‍ നിന്ന് നേരിട്ട് വാറന്റ് അയച്ചിരുന്നപ്പോള്‍ 2010 വരെയുള്ള തുക ജയില്‍ വകുപ്പില്‍ നിന്ന് കെ എസ് ആര്‍ ടി സി കൃത്യമായി ഈടാക്കി. എന്നാല്‍, വാറന്റ് ബില്ലിംഗ് കേന്ദ്രീകരിച്ച ശേഷം ഇത് കൃത്യമായി നടക്കാതായി. രണ്ടര വര്‍ഷത്തെ 43 ലക്ഷത്തോളം രൂപയുടെ വാറന്റുകള്‍ ചാക്കില്‍ കെട്ടി ചീഫ് ഓഫീസില്‍ അലക്ഷ്യമായിട്ടിരുന്നു. അത് എലി കരണ്ടതോടെ ജയില്‍ വകുപ്പില്‍ നിന്ന് തുക ഈടാക്കാനുള്ള സംവിധാനം കെ എസ് ആര്‍ ടി സിക്ക് നഷ്ടമായി. അതേസമയം ഭരണപക്ഷ യൂനിയന്‍ നേതാവു കൂടിയായ ഷിബുവിന്റെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ജീവനക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.