കസ്തൂരി രംഗന്‍: വില്ലേജ് മാപ്പുകളുടെ സൂക്ഷ്മപരിശോധന ആറിന് അവസാനിക്കും

Posted on: May 3, 2014 12:05 am | Last updated: May 2, 2014 at 11:05 pm

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അതിര്‍ത്തിനിര്‍ണയം പൂര്‍ത്തിയാക്കിയ വില്ലേജുകളിലെ മാപ്പുകളുടെ സൂക്ഷ്മപരിശോധന ഈ മാസം ആറിന് അവസാനിക്കും. ഇതിന് ശേഷം കേന്ദ്രസര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ മറ്റ് സാങ്കേതിക ജോലികള്‍ ആരംഭിക്കും. പത്തനംതിട്ടയിലെ ആറ് വില്ലേജുകളുടെയും തിരുവനന്തപുരത്തെ ഏഴ് വില്ലേജുകളുടെയും സൂക്ഷ്മപരിശോധന ഇന്ന് 2.30ന് സര്‍വേ ഓഫീസില്‍ നടക്കും. തിരുവനന്തപുരത്തെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സിന്റെ വഴുതക്കാടുള്ള ഓഫീസില്‍ സംസ്ഥാനതല സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്. കോഴിക്കോട് ജില്ലയിലെ ഒമ്പത്, പാലക്കാട് ജില്ലയിലെ 14, കണ്ണൂരിലെ മൂന്ന് വില്ലേജുകളുടെയും മാപ്പുകളുടെ പരിശോധന നാളെയാണ് നടത്തുക.
വയനാട് ജില്ലയിലെ 13 വില്ലേജുകളുടെയും മലപ്പുറം ജില്ലയിലെ 10 വില്ലേജുകളുടെയും സൂക്ഷ്മപരിശോധന ഈമാസം അഞ്ചിനും കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളുടെയും തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒന്ന് വീതം വില്ലേജുകളുടെയും പരിശോധന ആറിനും നടക്കും.
മേല്‍പ്പറഞ്ഞ എല്ലാ വില്ലേജുകളുമായും ബന്ധപ്പെട്ട പഞ്ചായത്തുതല സമിതി അംഗങ്ങള്‍ സൂക്ഷ്മ പരിശോധനക്കായി നിശ്ചിത തീയതികളില്‍ തിരുവനന്തപുരത്തുള്ള സര്‍വേ ഓഫിസില്‍ ഹാജരാക്കണം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി എത്തിച്ച 77 വില്ലേജ് മാപ്പുകളില്‍ 23 എണ്ണത്തിന്റെ സൂക്ഷ്മപരിശോധന കഴിഞ്ഞു. കഡസ്ട്രല്‍ മാപ്പുകള്‍ പരിശോധന പൂര്‍ത്തിയാക്കി തിരികെയെത്തിക്കാത്ത 46 വില്ലേജുകളുമായി ബന്ധപ്പെട്ട പഞ്ചായത്തുതലസമിതി ഇതൊരറിയിപ്പായി കണക്കാക്കി എത്രയും വേഗം മാപ്പുകള്‍ തിരികെ എത്തിക്കേതും സൂക്ഷ്മ പരിശോധനക്ക് ഹാജരാകണമെന്ന് സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് അറിയിച്ചു.