അസം തീവ്രവാദി ആക്രമണം: മരണം 23 ആയി

Posted on: May 3, 2014 8:34 am | Last updated: May 3, 2014 at 11:58 pm

murderഗുവാഹത്തി: അസമിലെ കോക്രാജാര്‍ മേഖലയില്‍ ബോഡോലാന്റ് തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.  കൊക്രാജര്‍ ജില്ലയിലെ ബാലാപാറ-1 ഗ്രാമത്തിലെത്തിയ എ കെ-47 റൈഫിള്‍ധാരികളായ ഇരുപത് മുതല്‍ ഇരുപത്തഞ്ച് വരെ വരുന്ന തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏഴ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു വീണുവെന്ന് പോലീസ് അറിയിച്ചു. ന്യൂനപക്ഷ സമുദായക്കാരായ നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചതെന്ന് പോലീസ് ഐ ജി. എല്‍ ആര്‍ ബിഷ്‌ണോയ് പറഞ്ഞു. പിന്നീട് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ മൃതദേഹവും ഇവിടെ നിന്ന് കണ്ടെടുത്തു.

തീവ്രവാദികള്‍ ഒന്നിന് പിറകെ ഒന്നായി മൂന്ന് വീടുകളിലും കയറി അവിടെയുണ്ടായിരുന്നവരെ മുഴുവന്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊക്രാജര്‍ ജില്ലയോട് തൊട്ടു കിടക്കുന്ന ബക്‌സ ജില്ലയിലാണ് രണ്ടാമത് ആക്രമണം നടന്നത്. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളടക്കം മൂന്ന് പേരാണ് ഇവിടെ വെടിയേറ്റു മരിച്ചത്.

ഒരു ദിവസം മുമ്പ് നിസ്‌ഡെഫെലി പ്രദേശത്ത് തീവ്രവാദികള്‍ ബിപിന്‍ ബോറോ എന്നയാളെ വെടിവെച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ഇയാളെ ഗുരുതരാവസ്ഥയില്‍ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രവാദികള്‍ക്കെതിരെ ബോഡോലാന്‍ഡ് മേഖലയില്‍ നടന്നുവരുന്ന വേട്ടക്കെതിരായ പ്രത്യാക്രമണമാണ് ബുധനാഴ്ച രാത്രി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആള്‍ മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയനും ആള്‍ ബോഡോ മൈനോറിറ്റി സ്റ്റൂഡന്‍സ് യൂനിയനും ആക്രമണത്തെ അപലപിച്ചു.

ക്രമസമാധാനപാലനത്തില്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പാടെ പരാജയപ്പെട്ടതായി പരക്കെ ആക്ഷേപമുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ ബോഡോകള്‍ നിരന്തരം ആക്രമണങ്ങള്‍ നടത്താറുണ്ട്. 2012 ജൂലൈയില്‍ നടന്ന കലാപത്തില്‍ എണ്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.