Connect with us

Ongoing News

കൂട്ടുകക്ഷി ഭരണം വേണ്ട; പ്രതിപക്ഷത്ത് ഇരിക്കാം: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടെടുപ്പ് ഫലം പുറത്ത് വന്നാല്‍ മൂന്നാം മുന്നണിയെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്ന സൂചനയുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ബി ജെ പി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണിയുടെ പിന്തുണ തേടുകയോ പിന്തുണ നല്‍കുകയോ ചെയ്യുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളിയത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മൂന്നാം മുന്നണി സാധ്യത തേടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇതിനോട് അനുകൂലിച്ചോ പ്രതികൂലിച്ചോ മനസ്സ് തുറന്നിരുന്നില്ല. ഖുര്‍ഷിദിന് പിന്നാലെ അഹ്മദ് പട്ടേല്‍, പ്രഥ്വിരാജ് ചൗഹാന്‍, ജയറാം രമേശ് എന്നിവരും മൂന്നാം മുന്നണിക്ക് പാര്‍ട്ടി അനുകൂല സമീപനമെടുക്കണമെന്ന നിര്‍ദേശം വെച്ചിരുന്നു. ബി ജെ പിയെ അധികാരത്തിലെത്തുന്നത് തടയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണ് നല്ലതെന്ന് രാഹുല്‍ പറഞ്ഞു. കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് പ്രതിപക്ഷമാകുന്നതെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
കൂട്ടുകക്ഷി മന്ത്രിസഭകള്‍ പരാജയപ്പെട്ട അനുഭവമാണ് മുമ്പുണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.

Latest