മേഖലയിലെ വലിയ മത്സ്യ, മാംസ്യ, പച്ചക്കറി കമ്പോളം തുടങ്ങി

Posted on: May 2, 2014 9:19 pm | Last updated: May 2, 2014 at 9:00 pm

New Imageഅബുദാബി: ദുര്‍ഗന്ധ രഹിതവും ശുചിത്വപൂര്‍ണവുമായ അന്തരീക്ഷത്തില്‍ മത്സ്യ, മാംസ്യ, പഴം പച്ചക്കറികള്‍ വിപണനം നടത്താന്‍ അബുദാബി മശ്‌രിഫ് മാളില്‍ ലുലു ഗ്രൂപ്പ് വിശാലമായ സൗകര്യമൊരുക്കി.

ദി മാര്‍ക്കറ്റ് എന്ന പേരില്‍ രണ്ടുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള സൗകര്യം യു എ ഇ സാംസ്‌കാരിക യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മത്സ്യബന്ധന സഹകരണ സംഘം ചെയര്‍മാന്‍ അലി അല്‍ മന്‍സൂരി, ലുലു ഗ്രൂപ്പ് എം ഡി എം എ യുസുഫലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മേഖലയില്‍ ഭക്ഷ്യ സുരക്ഷയിലും ശുചിത്വത്തിലും ഇതൊരു നാഴികക്കല്ലായിരിക്കുമെന്ന് എം എ യുസൂഫലി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും നിര്‍ദേശ പ്രകാരമുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണിതെന്നും യൂസുഫലി പറഞ്ഞു.
തദ്ദേശീയ മത്സ്യങ്ങള്‍ക്ക് മികച്ച കമ്പോളമായി ദി മാര്‍ക്കറ്റ് മാറും. ജീവനുള്ള മത്സ്യങ്ങള്‍ക്ക് ഇവിടെ പ്രത്യേക കൗണ്ടര്‍ ഉണ്ടാകും. പരിസ്ഥിതി സൗഹൃദ കമ്പോളമെന്ന സവിശേഷതയുമുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കമ്പോളമാണിതെന്നും യൂസുഫലി അറിയിച്ചു.
മത്സ്യം, മാംസ്യം, പഴം പച്ചക്കറികള്‍ എന്നിവക്ക് പ്രത്യേകം വിഭാഗങ്ങളാണ്.