അനീഷയുടെ മരണം; മാതാവില്‍ നിന്ന് മൊഴിയെടുത്തു

Posted on: May 1, 2014 10:36 am | Last updated: May 1, 2014 at 10:36 am

എടപ്പാള്‍: ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അനീഷയുടെ വീട്ടുകാരില്‍ നിന്നും പരിസരവാസികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
അനീഷയുടെ മാതാവ് സുബൈദ, സഹോദരങ്ങളായ അനീഷ്, റനീഷ് എന്നിവരില്‍ നിന്നും അയല്‍വാസികളില്‍ നിന്നുമാണ് തിരൂര്‍ ഡി വൈ എസ് പി അസൈനാറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം അനീഷയുടെ മാതാവ് മകളുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി വൈ എസ് പിക്ക് പരാതി നല്‍കിയിരുന്നു. അനീഷയുടെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കഴിഞ്ഞ ദിവസം അന്വേഷണം സംഘം പോസ്റ്റ്‌മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മൂന്ന് ദിവസം കൂടി കഴിഞ്ഞ് മാത്രമേ റിപ്പോര്‍ട്ട് ലഭിക്കൂ എന്നാണ് ലഭ്യമായ വിവരം.