വാഗ്ദാനം പാലിക്കാത്തതിന് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് പിഴ

Posted on: May 1, 2014 10:35 am | Last updated: May 1, 2014 at 10:35 am

നിലമ്പൂര്‍: അടച്ച ഇന്‍ഷ്വറന്‍സ് തുക മൂന്ന് വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും, അപ്പോള്‍ മുഴുവന്‍ തുകയും നല്‍കാമെന്നുമുള്ള വാഗ്ദാനം പാലിക്കാത്തതിന് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഉപഭോക്തൃ കോടതി പിഴ വിധിച്ചു.
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെയാണ് പിഴയടക്കം തുക മടക്കി നല്‍കാന്‍ വിധിച്ചത്. വളാഞ്ചേരി സ്വദേശി പാലൊളി അബ്ദുര്‍റഹിമാന്‍ എന്നയാളാണ് പരാതിക്കാരന്‍. 2008ല്‍ പരാതിക്കാരന്‍ ബജാജ് അലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ 20 വര്‍ഷത്തേക്കുള്ള പോളിസിയില്‍ ചേര്‍ന്നു. പ്രതിവര്‍ഷം 25000 രൂപ വീതം മൂന്ന് വര്‍ഷങ്ങളിലായി 75000 രൂപ അടക്കുകയും ചെയ്തു.
മൂന്ന് വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നതായും, എന്നാല്‍ പ്രീമിയം തുടര്‍ന്ന് അടക്കാന്‍ കഴിയാത്തതിനാല്‍ അടച്ച 75000 രൂപ തിരിച്ചു നല്‍കണമെന്ന് അപേക്ഷിച്ചപ്പോള്‍ 60441 രൂപ മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു പരാതി.
ബാക്കി തുക 14559 രൂപ കമ്പനി പിടിച്ചുവെച്ചിരിക്കുകയാണെന്നും കോടതിയില്‍ അറിയിച്ചു. കേസ് പരിഗണിച്ച ജില്ലാ ഉപഭോക്തൃ കോടതി തിരിച്ചു നല്‍കാനുള്ള തുകയും, പിഴയായി 5000 രൂപയും പരാതിക്കാരന് നല്‍കാന്‍ വിധിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനി വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിച്ചു.
എന്നാല്‍ അപ്പീല്‍ തള്ളിയ കോടതി 5000 രൂപ കോടതി ചിലവിലേക്കും, 500 രൂപ പരാതിക്കാര്‍ക്കും നല്‍കാന്‍ വിധിച്ചു. സംസ്ഥാന ഉപഭോക്തൃ കോടതിയും എതിരായതോടെ മൊത്തം തുകയായ 25059 രൂപക്കുള്ള പെയ്‌മെന്റ് ഓര്‍ഡര്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഏല്‍പ്പിച്ചു. പരാതിക്കാരന് കോടതി നല്‍കുകയും ചെയ്തു. മൂലധന മാര്‍ക്കറ്റില്‍ ഫണ്ട് വാല്യുവിന് സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി നിക്ഷേപ സംഖ്യകള്‍ക്ക് മാറ്റം വരുമെന്നും, ഇപ്പോഴത്തെ സറണ്ടര്‍ വാല്യുവിന് അനുസരിച്ചുള്ള തുകയാണ് അനുവദിച്ചതെന്നുമുള്ള ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം രണ്ട് കോടതികളും തള്ളുകയായിരുന്നു. നിക്ഷേപകന് മൂലധന മാര്‍ക്കറ്റുമായി നേരിട്ട് ഒരു ബന്ധമില്ലെന്നും, അടക്കുന്നത് മുഴുവന്‍ തിരിച്ചു നലകാമെന്ന് പറഞ്ഞാണ് പോളിസിയില്‍ ആളെ ചേര്‍ക്കുന്നതെന്നും ജില്ലാ ഉപഭോക്തൃ ജഡ്ജി കെ മുഹമ്മദാലി അംഗങ്ങളായ മദനവല്ലി, മിനിമാത്യൂ നിരീക്ഷിച്ചു.