Connect with us

Kozhikode

ലോകഫുട്‌ബോള്‍ ബ്രസീലില്‍; ആവേശം മലബാറില്‍

Published

|

Last Updated

കോഴിക്കോട്: തെരുവുകളില്‍ ലോക ഫുട്‌ബോളിലെ താരരാജാക്കന്‍മാരുടെ കട്ടൗട്ടുകള്‍, വിവിധ രാജ്യങ്ങളുടെ പതാകകള്‍, കടകളില്‍ വില്‍പനക്കായി ജഴ്‌സികള്‍, നിരത്തിലോടുന്ന ബസില്‍ ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ വരവറിയിച്ച ആലേഖനങ്ങള്‍ ബ്രീസീലിലെ സാവാപോളോയിലെ തെരുവില്‍ പോലുമില്ലാത്ത ആവേശമാണ് മലബാറിലെങ്ങും. ലോകകപ്പ് ഫുട്‌ബോളിനുള്ള ദിവസങ്ങള്‍ അടുത്തുവരും തോറും മലബാറിന്റെ ആവേശകാഴ്ച്ചകളും കൂടുതല്‍ പ്രകടമാകുന്നു.
വ്യത്യസ്ഥവും വൈവിധ്യവുമാര്‍ന്ന രീതിയിലാണ് ലോകകപ്പിനെ ഇവിടത്തുകാര്‍ സ്വീകരിക്കുന്നത്. കട്ടൗട്ടുകളും പതാകകളുമായി നിരത്തുകളില്‍ ലോകഫുട്‌ബോളിന്റെ സാനിധ്യം പതിവാണ്. എന്നാല്‍ ഇത്തവണ ബസുകള്‍ പോലും ലോകകപ്പ് ഫുട്‌ബോളിന്റെ ജ്വരത്തിലാണ്. തൃശ്ശൂര്‍ കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന വിനായക ബസിന്റെ ഒരു വശത്ത് ബ്രസീലിന്റേയും മറുവശത്ത് അര്‍ജന്റീനയുടേയും താരങ്ങളുടെ ചിത്രങ്ങളാണുള്ളത്. അതില്‍ തന്നെ ഇരുടീമിന്റേയും അഭിമാനതാരങ്ങളായ മെസ്സിയുടേയും നെയ്മറിന്റേയും ചിത്രം ഹൈലൈറ്റ് ചെയ്ത് കൊണ്ട് ആകര്‍ഷകമായ രീതിയിലാണ് ബസിന്റെ ബോഡി ഒരുക്കിയിരിക്കുന്നത്. പുറക് വശത്ത് കാല്‍പ്പന്തുകളിയില്‍ ഹരമായി മാറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചുവപ്പ് ജേഴ്‌സിയണിഞ്ഞ പടം ഫുള്‍ സൈസിലും കൊടുത്തിട്ടുണ്ട്. കൂടാതെ ബസിന്റെ മുന്‍വശത്തും ഫുട്‌ബോള്‍ ആവേശം അതേപടി ആവിഷ്‌കരിച്ചിട്ടുണ്ട്. എട്ടു ബസുകളുള്ള വിനായക ഗ്രൂപ്പിന്റെ ഉടമ തൃശ്ശൂര്‍ സ്വദേശിയായ ആര്‍ മോഹന്‍കുമാറാണ്. രണ്ട് വര്‍ഷം മുമ്പ് മകന്റെ ജന്മദിനത്തിന് തന്റെ മുഴുവന്‍ ബസുകളിലും യാത്രക്കാര്‍ക്ക് സൗജന്യയാത്ര ഒരുക്കിയിരുന്നു.