Connect with us

Kozhikode

മാറാട് സ്പര്‍ശം പദ്ധതി: കൂടുതല്‍ തീരമൈത്രി സംരംഭങ്ങള്‍ ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: മാറാട് സ്പര്‍ശം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ തീരമൈത്രി സംരംഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനം. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് തുടങ്ങാന്‍ കഴിയുന്ന സൂക്ഷ്മ സംരംഭങ്ങളെക്കുറിച്ചും നിര്‍വഹണ രീതി, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും തീരമൈത്രി കോ-ഓര്‍ഡിനേറ്റര്‍ എ കെ മാത്യു യോഗത്തില്‍ വിശദീകരിച്ചു. ബേപ്പൂരിലുള്ള തീരമൈത്രി സംരംഭക ബീന നിര്‍മാണ യൂനിറ്റായ റെഡ് സ്റ്റാര്‍ സോഡയുടെ വിജയകഥ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പുതുതായി ആരംഭിക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ട് വന്നു. നാല് വനിതകള്‍ വീതം ഉള്‍ക്കൊള്ളുന്ന 15 ഓളം ആക്ടിവിറ്റി ഗ്രൂപ്പുകള്‍ മാറാട് പ്രദേശത്ത് ആരംഭിക്കാന്‍ കഴിയുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് 80 ശതമാനം ഗ്രാന്‍ഡ്, 15 ശതമാനം ബേങ്ക് ലോണ്‍, അഞ്ച് ശതമാനം ഗുണഭോകൃത് വിഹിതം എന്ന രീതിയിലായിരിക്കും മുതല്‍ മുടക്ക്.
ഗ്രൂപ്പുകളുടെ രൂപവത്ക്കരണം, സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എന്നിവ ദൂരീകരിക്കുന്നതിനായി രണ്ട് മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സേവനം ഈ മാസം 15 വരെ മാറാട് ലഭ്യമാക്കാനും തീരുമാനിച്ചു. തിരഞ്ഞെടുത്ത ഗ്രൂപ്പുകള്‍ക്ക് സ്‌കില്‍ ട്രെയിനിംഗുകളും മറ്റ് പരിശീലനങ്ങളും നല്‍കും.
സ്പര്‍ശം പദ്ധതി ഓഫീസില്‍ നടന്ന യോഗത്തില്‍ മാറാട് പ്രദേശത്ത് നിന്ന് 108 വനിതകള്‍ പങ്കെടുത്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, കോഴിക്കോട് കോര്‍പ്പറേഷന്‍ മാറാട് ഡിവിഷന്‍ കൗണ്‍സിലര്‍ ദേവരാജന്‍, സാഫ് എക്‌സിക്യൂട്ടൂവ് ഡയറക്ടര്‍ സി ആര്‍ സത്യവതി പങ്കെടുത്തു.

 

Latest