Connect with us

Kozhikode

വോട്ടെണ്ണലിന് ജില്ലയില്‍ സസൂക്ഷ്മമായ തയ്യാറെടുപ്പുകള്‍

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള കൗണ്ടിങ്ങ് ഉദേ്യാഗസ്ഥരുടെ നിയമന നടപടികള്‍ തുടങ്ങിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി എ ലത പറഞ്ഞു.
ആയിരത്തോളം ഉദേ്യാഗസ്ഥരാണ് ജില്ലയില്‍ വോട്ടെണ്ണലിന് ആവശ്യമായി വരിക. അസംബ്ലി മണ്ഡലതലത്തില്‍ സഹവരണാധികാരിയുടെ നേതൃത്വത്തില്‍ 12 മുതല്‍ 14 വരെ ടേബിളുകള്‍ ഓരോ റൗണ്ടിലും സജ്ജമാക്കും. കോഴിക്കോട് സൗത്തിലും തിരുവമ്പാടിയിലും 12 വീതവും മറ്റു മണ്ഡലങ്ങളില്‍ 14 വീതവും ടേബില്‍ ഓരോ റൗണ്ടിലുമുണ്ടാകും. 10 മുതല്‍ 12 റൗണ്ട് വരെ വോട്ടെണ്ണല്‍ വേണ്ടിവരും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. വോട്ടെണ്ണല്‍ നടത്തുന്നതിന് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റാണ് ഉപയോഗപ്പെടുത്തുക. പോളിംഗ് സ്റ്റേഷനില്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ 17 സി രജിസ്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിനൊപ്പം വോട്ടെണ്ണലിന് വിധേയമാക്കും.
വോട്ടെണ്ണലിന് മുമ്പായി കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ സീലുകള്‍ പരിശോധിക്കും. അതിന് മുമ്പായി കണ്‍ട്രോള്‍ യൂനിറ്റ് സൂക്ഷിച്ചിട്ടുള്ള വലിയ പെട്ടിയുടെ പേപ്പര്‍ സീലുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമെ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റിനേയും നിയോഗിക്കും. കൂടാതെ ടേബിളുകള്‍ കേന്ദ്രീകരിച്ച് മൈക്രോ നിരീക്ഷകരെയും നിയമിക്കും. സ്ഥാനാര്‍ഥികള്‍ക്കുള്ള കൗണ്ടിംഗ് ഏജന്റുമാരുടെ നിയമന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടേയും സ്ഥാനാര്‍ഥികളുടേയും യോഗം ഉടന്‍ ചേരും.
16 ന് രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുക. ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്ടാകുക. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെത് ഫാറൂഖ് കോളജിലും വടകരയിലെത് വെള്ളിമാട്കുന്ന് ജെ ഡി ടി യിലും വയനാട് മണ്ഡലത്തിന്റെ ഭാഗമായ ജില്ലയിലെ തിരുവമ്പാടി അസംബ്ലി മണ്ഡലത്തില്‍പ്പെടുന്ന വോട്ട് വെള്ളിമാട്കുന്ന് ഗവ. ലോ കോളേജിലുമാണ് എണ്ണുന്നത്.
കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ പോസ്റ്റല്‍ ബാലറ്റ് ഫാറൂഖ് കോളജിലാണ് എണ്ണുക. ഇതിനായി വരണാധികാരി കൂടിയായ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ പ്രതേ്യക മേശ ക്രമീകരിക്കും. തപാല്‍ വോട്ടടങ്ങുന്ന 13 സി നമ്പര്‍ കവര്‍ ഒന്നൊന്നായി തുറന്ന് അതിലുള്ള ബാലറ്റ് പേപ്പര്‍ അടങ്ങുന്ന 13 ബി നമ്പര്‍ കവറും 13 എ നമ്പര്‍ സത്യവാങ്ങ്മൂലവും പരിശോധിക്കും. സത്യവാങ്ങ്മൂലം ഇല്ലെങ്കിലോ അതില്‍ സമ്മതിദായകന്റെ ഒപ്പില്ലെങ്കിലോ യോഗ്യതയുള്ള ഉദേ്യാഗസ്ഥന്റെ മുദ്രയോടു കൂടിയ സാക്ഷ്യപ്പെടുത്തല്‍ ഇല്ലെങ്കിലോ ഇന്നര്‍ കവറിലും സത്യവാങ്ങ്മൂലത്തിലുമുള്ള ബാലറ്റ് പേപ്പര്‍ സീരിയല്‍ നമ്പര്‍ വ്യത്യസ്ഥമാണെങ്കിലോ പോസ്റ്റല്‍ വോട്ട് അസാധുവാകും. ഇത്തരം ബാലറ്റുകള്‍ പ്രതേ്യക കവറുകളില്‍ സൂക്ഷിക്കും.
പോസ്റ്റല്‍ ബാലറ്റ് സാധുവാകുന്നുവെങ്കില്‍ അവയുടെ സത്യവാങ്ങ്മൂലം പരിശോധിച്ച് സീല്‍ ചെയ്ത് പ്രതേ്യകം സൂക്ഷിക്കും. അവയുടെ ഇന്നര്‍ കവര്‍ തുറന്ന് ബാലറ്റ് പുറത്തെടുത്ത് തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാര്‍ഥിയുടെ കോളത്തില്‍ രേഖപ്പെടുത്തിയാല്‍ ആ വോട്ട് സാധുവാണ്.
ഒന്നിലധികം കോളത്തില്‍ വോട്ട് രേഖപ്പെടുത്തിയാലോ ബാലറ്റ് പേപ്പറിന് സാരമായ രീതിയില്‍ കേടു വന്നിട്ടുണ്ടെങ്കിലോ 13 ബി കവറില്‍ അല്ലാതെ ബാലറ്റ് അടക്കം ചെയ്താലോ വോട്ടറെ തിരിച്ചറിയുന്ന ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാകും. തപാല്‍ വോട്ട് എണ്ണി പൂര്‍ത്തിയാകുന്നതിന് മുമ്പ് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫല പ്രഖ്യാപനം നടത്തില്ല. ഏതെങ്കിലും കാരണവശാല്‍ വിജയം തപാല്‍ വോട്ടിന്റെ എണ്ണത്തെ ആശ്രയിച്ചാണെങ്കില്‍ തപാല്‍ വോട്ടുകളുടെ പുനഃപരിശോധനക്ക് വ്യവസ്ഥയുണ്ട്.
സാധുവായതും അസാധുവായതും ആയ പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ വീണ്ടും എണ്ണി തിട്ടപ്പെടുത്തേണ്ടി വരും. വോട്ടിംഗ് യന്ത്രങ്ങളിലേയും പോസ്റ്റല്‍ ബാലറ്റുകളുടേയും വോട്ടെണ്ണലിന് ഉദേ്യാഗസ്ഥര്‍ക്ക് ഏറ്റവും മികച്ച പരിശീലന ക്ലാസും റിഹേഴ്‌സലും നല്‍കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest