ചിത്രകാരന്റെ കൊല: ലോഡ്ജ് ഉടമക്കെതിരെ കൊലക്കുറ്റത്തിന് കേസ്

Posted on: May 1, 2014 10:30 am | Last updated: May 1, 2014 at 10:30 am

കോഴിക്കോട്: വാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വാടകക്കാരനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ കെട്ടിട ഉടമയും ബന്ധുവുമടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കെട്ടിട ഉടമ ജഗദീഷ്, ബന്ധു രൂപേഷ് ഉള്‍പ്പെടെ സഹായികളായ ആറ് പേര്‍ക്കെതിരെയാണ് ഐ പി സി 302 ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തത്. നേരത്തെ വധശ്രമത്തിന് 307 ാം വകുപ്പ് പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മക്കട ബദിരൂര്‍ പുളിയുള്ളതില്‍ ഭക്തവത്സലന്‍ (51) ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കെട്ടിട ഉടമ ജഗദീഷ്, ബന്ധു രൂപേഷ് എന്നിവര്‍ ഒളിവിലാണെന്നും സ്ഥിരമേല്‍വിലാസം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും കേസന്വേഷണത്തിന്റെ താത്കാലിക ചുമതല വഹിക്കുന്ന നല്ലളം സി ഐ കെ എസ് ഷാജി പറഞ്ഞു. അതേസമയം ഇരുവരും നഗരത്തില്‍ തന്നെയുണ്ടെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഭക്തവത്സലനെ ജഗദീഷിന്റെ നേതൃത്വത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ഭക്തവത്സന്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഹെഡ് പോസ്‌റ്റോഫീസിന് സമീപം കക്കടവത്ത് ബില്‍ഡിംഗിലെ വാടക താമസക്കാരനായ മക്കട ബദിരൂര്‍ പുളിയുള്ളതില്‍ ഭക്തവത്സലനെ ബില്‍ഡിംഗിലെ വാടക മുറിയില്‍ വെച്ചാണ് തീകൊളുത്തിയത്. ബില്‍ഡിംഗ് ഉടമ ജഗദീഷും ഇയാളുടെ ബന്ധു രൂപേഷും മറ്റുള്ള ആറ് പേരും ചേര്‍ന്നാണ് തീകൊളുത്തിയതെന്ന് ടൗണ്‍ പോലീസിനോടും മജിസ്‌ട്രേറ്റനോടും ഭക്തവത്സലന്‍ മൊഴി നല്‍കിയിരുന്നു.
വര്‍ഷങ്ങളായി നഗരത്തില്‍ പരസ്യ മാര്‍ക്കറ്റിംഗ് ഏജന്‍സി നടത്തിവരികയായിരുന്നു ഭക്തവത്സലന്‍. ഉടമ ജഗദീഷുമായി അടുത്തിടെ വാടക സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ മുറിയില്‍ നിന്ന് ഭക്തവത്സലന്റെ മേശയും അലമാരിയും കാണാതായി. ഇത് ജഗദീഷ് എടുത്തുകൊണ്ടുപോയതായി ഭക്തവത്സലന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മേശയില്‍ വീടിന്റെ ആധാരവും കെട്ടിട എഗ്രിമെന്റും മകന്റെ എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റും ഉള്ളതായി ഭക്തവത്സലന്‍ പറഞ്ഞിരുന്നു.