Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: എട്ട് പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്തിപ്പെടുത്തണം- മന്ത്രി പി കെ ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിലവില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന എട്ട് പോലീസ് സ്‌റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കി.
വയനാട് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായ നിരവില്‍പ്പുഴ പ്രദേശത്തെ ജനങ്ങളുമായും ജില്ലയിലെ പോലീസ് അധികാരികളുമായും ചര്‍ച്ചചെയ്ത് തയ്യാറാക്കിയ 15 ആവശ്യങ്ങളടങ്ങിയ കത്താണ് മന്ത്രി ജയലക്ഷ്മി ആഭ്യന്തര മന്ത്രിക്ക് കൈമാറിയത്. വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, വൈത്തിരി, പുല്‍പ്പള്ളി, കേണിച്ചിറ എന്നീ എട്ട് പോലീസ് സ്റ്റേഷനുകളിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത്. വെള്ളമുണ്ട, തലപ്പുഴ, മേപ്പാടി, കേണിച്ചിറ എന്നീ സ്റ്റേഷനുകളിലേക്ക് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് ഉടനെ അനുവദിക്കേണ്ടതാണ്. വെള്ളമുണ്ട, തലപ്പുഴ എന്നിവക്ക് മുന്‍ഗണന നല്‍കി ഉടന്‍ ജീപ്പ് അനുവദിക്കണം. വയനാടിനെ ബന്ധിപ്പിക്കുന്ന ചുരം റോഡുകളില്‍ ആധുനിക സൗകര്യങ്ങളും, സി സി ടി വി ക്യാമറ ഉള്‍പ്പെടെയുള്ള സ്ഥിരം സംവിധാനവും ആവശ്യമായ അംഗബലവുമുള്ള പോലീസ് ചെക്ക്‌പോസ്റ്റ് ഉടന്‍ ആരംഭിക്കണം.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനുകളില്‍ അംഗസംഖ്യ ഇരട്ടിയാക്കണം, വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി എന്നീ സ്റ്റേഷനുകളില്‍ ഇത് ഉടന്‍ നടപ്പിലാക്കണം. ജില്ലയിലെ മറ്റു സ്റ്റേഷനുകളില്‍ നിന്നും പുനര്‍വിന്യാസം നടത്താതെ ജില്ലയിലെ സേനാബലം ഉയര്‍ത്തി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണം. മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകളില്‍ ചെറുപ്പക്കാരായ ഡയറക്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ജി പി എസ്, നൈറ്റ് വിഷന്‍ ക്യാമറ, റെയിന്‍ കോട്ട്, ജംങ്കിള്‍ ഷൂസ്, ടോര്‍ച്ച് ലൈറ്റ്, എമര്‍ജന്‍സി ലൈറ്റ്, ആധുനിക വയര്‍ലസ് സെറ്റ് തുടങ്ങിയവ സ്റ്റേഷനുകളില്‍ ഉടന്‍ ലഭ്യമാക്കണം. നിലവിലുള്ള പോലീസ് വാഹനങ്ങള്‍ ഓടിക്കുന്നതിന് ആനുപാതികമായ ഡ്രൈവര്‍മാരുടെ അംഗബലം കുറവാണ്. പ്രത്യേകിച്ച് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളിലെ ഡ്രൈവര്‍മാരുടെ എണ്ണം ഇരട്ടിയാക്കണം. പ്രധാന സ്റ്റേഷനുകളില്‍ സി സി ടി വി ക്യാമറ ഉടന്‍ സ്ഥാപിക്കണം. കാടുകളില്‍ നൈറ്റ് വിഷനോടുകൂടിയ ക്യാമറകള്‍, വോയിസ് റിക്കോര്‍ഡര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉടന്‍ സ്ഥാപിക്കണം. നക്‌സല്‍ സാന്നിധ്യമുള്ള വനമേഖലക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതും നക്‌സല്‍ ഭീഷണിയുള്ളതുമായ വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, കേണിച്ചിറ, പുല്‍പ്പള്ളി എന്നീ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി ആന്റി നക്‌സല്‍ സ്‌ക്വാഡിനെ ഉള്‍പ്പെടുത്തി കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും അതിന് പ്രത്യേക അംഗബലം അനുവദിക്കുകയും ചെയ്യുക. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലക്ക് ഏകദേശം രണ്ട് കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളമുണ്ട പോലീസ് സ്റ്റേഷന്റെ ഒ പി ആയ കോറോം ഒ പി ക്ക് ആവശ്യമായ അംഗബലം അനുവദിച്ച് പുതിയ പോലീസ് സ്റ്റേഷനായി ഉയര്‍ത്തേണ്ടതാണ്. യഥാസമയങ്ങളില്‍ തന്നെ മൊബൈല്‍ ലൊക്കേഷന്‍ അറിയുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള വെബ് പോര്‍ട്ടല്‍ സംവിധാനം വയനാട് ജില്ലയിലെ സൈബര്‍ സെല്ലിനും അനുവദിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.