Connect with us

Gulf

അബുദാബി പുസ്തകോത്സവം; പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികള്‍ക്ക് 30 ലക്ഷം ദിര്‍ഹം നല്‍കും

Published

|

Last Updated

അബുദാബി: ഇന്നാരംഭിക്കുന്ന അബുദാബി പുസ്‌കമേള ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളോട് അബുദാബി കിരീടാവകശിയും സായുധ സേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പുസ്തകങ്ങള്‍ ഇത്തരം നല്ല അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ 30 ലക്ഷം ദിര്‍ഹം നീക്കിവെക്കാനും ശൈഖ് മുഹമ്മദ് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
ഇന്ന് തുടക്കം കുറിക്കുന്ന 24-ാമത് പുസ്തകമേള മെയ് അഞ്ചിനാണ് സമാപിക്കുക. പുസ്തകമേളയുടെ സംഘാടകരായ അബുദാബി ടൂറിസം ആന്റ് കള്‍ച്ചര്‍ അതോറിറ്റി പുസ്തകമേളയിലുടനീളം പര്‍ച്ചേഴ്‌സ് കൂപ്പണ്‍ സൗജന്യമായി വിതരണം ചെയ്യും. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് വിതരണം ചെയ്യുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും കൂപ്പണ്‍ ലഭിക്കാന്‍ അര്‍ഹരായിരിക്കും.
വിദ്യാര്‍ഥികളെ പുസ്തകങ്ങളിലേക്കും വായനാ സംസ്‌കാരത്തിലേക്കും അടുപ്പിക്കാനുതകുന്ന ശൈഖ് മുഹമ്മദിന്റെ നിര്‍ദേശത്തിനു വിവിധ തുറകളില്‍ നിന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്. സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും മേളയില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ തുടങ്ങിയവര്‍ വന്‍ ആഹ്ലാദത്തോടെയാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
അറബ് മേഖലയിലെ യുവ എഴുത്തുകാര്‍ക്ക് പുസ്തകമേളയില്‍ മതിയായ പ്രാതിനിധ്യം ലഭിക്കും. യു എ ഇയിലെ അബ്ദുല്ല അല്‍ സഅദി, സഊദി അറേബ്യന്‍ എഴുത്തുകാരി ഹൈഫാ അല്‍ഈദ് തുടങ്ങിയവര്‍ക്ക് പ്രസാധകരെ ഒരുക്കിക്കൊടുക്കും.

---- facebook comment plugin here -----

Latest