ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Posted on: April 30, 2014 12:21 pm | Last updated: April 30, 2014 at 12:21 pm
SHARE

താമരശ്ശേരി: ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള തീരുമാനത്തിന് വിരുദ്ധമായി താമരശ്ശേരി പഴയ ബസ്റ്റാന്റ്ില്‍ കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ട്രാഫിക് പോലീസും ഗ്രാമപഞ്ചായത്തും വിവിധ കക്ഷി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബസ് കാത്തിരിപ്പു കേന്ദ്രം ദേശീയപാതയില്‍നിന്ന് പിറകോട്ട് മാറ്റി നിര്‍മിക്കാന്‍ തീരുമാനിച്ചത്. ബസുകള്‍ നിര്‍ത്തുമ്പോള്‍ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബസുകള്‍ റോഡില്‍നിന്ന് മാറ്റി നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം ഉയര്‍ന്നത്. താലൂക്ക് ഉദ്ഘാടനത്തിനായി പഴയ കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി മാസങ്ങള്‍ക്കുശേഷമാണ് പുതിയ ഷെഡിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമായി ദേശീയപാതയോരത്താണ് നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. മുന്‍ തീരുമാനപ്രകാരം ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പ്രവൃത്തി തടഞ്ഞു. അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി.