Connect with us

International

ഗുലനെ വിട്ടുകിട്ടാന്‍ ഊര്‍ജിത ശ്രമവുമായി തുര്‍ക്കി

Published

|

Last Updated

അങ്കാറ: പ്രധാനമന്ത്രി ത്വയ്യിപ് ഉര്‍ദുഗാന്റെ കടുത്ത വിമര്‍ശകനും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മത സാമൂഹിക നേതാവുമായ ഫതഹുല്ല ഗുലനെ വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തി നാട്ടിലെത്തിക്കാന്‍ തുര്‍ക്കി ശ്രമം ഊര്‍ജിതമാക്കി. തുര്‍ക്കിയില്‍ ശക്തമായ അനുയായിവൃന്ദമുള്ള ഗുലന്‍, തന്റെ സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിക്കുന്നുവെന്നാണ് ഉര്‍ദുഗാന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എ കെ പിയുടെയും ആരോപണം. എന്നാല്‍ തുര്‍ക്കിയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് തന്റെ അനുയായികള്‍ ചെയ്യുന്നതെന്ന് ഗുലന്‍ പറയുന്നു. ഉര്‍ദുഗാന്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ അഴിമതിയാരോപണങ്ങളാണ് ഈയിടെ ഉയര്‍ന്ന് വന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭവും അരങ്ങേറി. കഴിഞ്ഞ മാസം നടന്ന പ്രദേശിക തിരഞ്ഞെടുപ്പില്‍ എ കെ പിക്ക് നേരിയ മുന്‍തൂക്കം മാത്രമാണ് നേടാനായത്.
ഗുലനെ വിട്ടു കിട്ടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന്, എ കെ പിയുടെ ഉന്നതരുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ലിമെന്റിലാണ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്. ഗുലനെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കാന്‍ അമേരിക്ക തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാസിയായി 1997 മുതല്‍ ഗുലന്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് കഴിയുന്നത്. ഗുലന്റെ നേതൃത്വത്തിലുള്ള ഹിസ്മത് എന്ന സന്നദ്ധ സംഘടന തുര്‍ക്കിയിലെ ഏറ്റവും ശക്തമായ സ്‌കൂള്‍ ശൃംഖല നടത്തുന്നുണ്ട്. നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ ലക്ഷണക്കണക്കിന് അംഗങ്ങളുണ്ട്. 150 രാജ്യങ്ങളില്‍ ഹിസ്മത്തിന് പ്രവര്‍ത്തകരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തുര്‍ക്കിയിലെ പോലീസിലും നീതിന്യായ സംവിധാനങ്ങളിലും ഫത്ഹുല്ലാ ഗുലന് നല്ല സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ച് അദ്ദേഹം സര്‍ക്കാറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കുത്തിപ്പൊക്കുന്നുവെന്നാണ് ഉര്‍ദുഗാന്‍ ആരോപിക്കുന്നത്. മൂന്ന് മന്ത്രിമാരുടെ രാജിയില്‍ കലാശിച്ച അഴിമതിക്കഥകളില്‍ മന്ത്രിപുത്രന്‍മാരുടെ പേരുകളും ഉയര്‍ന്നിരുന്നു. ഉര്‍ദുഗാന്‍ സര്‍ക്കാറിനെതിരെ ട്വിറ്ററിലും യൂ ട്യൂബിലും പ്രചരിച്ച വീഡിയോകള്‍ക്ക് പിന്നില്‍ ഗുലനാണെന്നും ആരോപിക്കപ്പെടുന്നു.

Latest