Connect with us

International

ഉക്രൈന്‍: കിഴക്കന്‍ മേഖലാ ആസ്ഥാനം പ്രക്ഷോഭകര്‍ പിടിച്ചെടുത്തു

Published

|

Last Updated

ലുഹാന്‍സ്‌ക്/ മോസ്‌കോ: കിഴക്കന്‍ ഉക്രൈന്‍ നഗരമായ ലുഹാന്‍സ്‌കില്‍ മേഖലാ ഭരണകൂടത്തിന്റെ ആസ്ഥാനം റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ കൈയേറി. ജനലുകളും വാതിലുകളും തകര്‍ത്താണ് സായുധരായ ഒരു സംഘം ഓഫീസിന്റെ അകത്തുകയറിയത്. “ജനഹിത പരിശോധന നടത്തുക” എന്ന മുദ്രാവാക്യത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രക്ഷോഭകര്‍ ആസ്ഥാനത്തിന്റെ മുമ്പില്‍ റഷ്യന്‍ പതാക ഉയര്‍ത്തി.
അതിനിടെ, അമേരിക്കയും യൂറോപ്യന്‍ യൂനിയനും പ്രധാന റഷ്യന്‍ പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും ഏര്‍പ്പെടുത്തിയ ഉപരോധത്തെ റഷ്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. റഷ്യയുടെ ഉന്നത സാങ്കേതിക മേഖലയെ ലക്ഷ്യം വെച്ച് അമേരിക്ക ഇരുമ്പു മറ താഴ്ത്തിയിരിക്കുകയാണെന്ന് ഉപ വിദേശകാര്യ മന്ത്രി സെര്‍ജി ര്യാബ്‌കോവ് പറഞ്ഞു. വാഷിംഗ്ടണിന്റെ പെരുവിരലിന് താഴെയാണ് തങ്ങളെന്ന് യൂറോപ്യന്‍ യൂനിയന്‍ തെളിയിച്ചിരിക്കുകയാണ്. ഡസനിലേറെ നഗരങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത കിഴക്കന്‍ ഉക്രൈനില്‍ അധിനിവേശം നടത്താന്‍ ഒരു ഉദ്ദേശ്യവുമില്ല. അദ്ദേഹം വ്യക്തമാക്കി.
ഉച്ചയോടെ നൂറുകണക്കിന് ജനങ്ങള്‍ മേഖലാ ആസ്ഥാനത്തിന് മുന്നില്‍ ഹിതപരിശോധനാ ആവശ്യവുമായി സംഘടിക്കുകയായിരുന്നു. വടികളും ഇരുമ്പ് ഉപകരണങ്ങളുമായി വന്ന ഒരു സംഘം, പോലീസ് സംരക്ഷണമില്ലാത്ത ഭാഗത്തെ വാതിലുകളും ജനാലകളും തല്ലിത്തകര്‍ത്ത് അകത്തു കയറി. ഉക്രൈന്‍ പതാക താഴ്ത്തുകയും പകരം റഷ്യന്‍ പതാക ഉയര്‍ത്തുകയും ചെയ്തു. ജനക്കൂട്ടത്തിന് പ്രവേശിക്കാനായി പ്രധാന കവാടം തുറന്നിട്ടു. കെട്ടിടത്തിന്റെ പൂമുഖത്ത് കലാപം നിയന്ത്രിക്കാനുള്ള പോലീസ് സര്‍വസജ്ജരായി നിലയുറപ്പിച്ചിരുന്നു. പോലീസും റഷ്യന്‍ അനുകൂലികളും മുഖാമുഖം സജ്ജരായിരിക്കുകയാണെങ്കിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രാദേശിക നേതൃത്വം തങ്ങളുടെ പ്രവര്‍ത്തകരെ നിയന്ത്രിച്ചില്ലെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് സ്താനിസ്ലാവ് റിച്ചിന്‍സ്‌കി ആരോപിച്ചു. പ്രക്ഷോഭകര്‍ പ്രാദേശിക ടെലിവിഷന്‍ കേന്ദ്രം പിടിച്ചെടുക്കുമെന്ന് വിവരം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

Latest