മെഡിക്കല്‍ പി ജി: രണ്ടാംഘട്ട അലോട്ട്‌മെന്റ് മൂന്നിന് പ്രസിദ്ധീകരിക്കും

Posted on: April 30, 2014 12:27 am | Last updated: May 1, 2014 at 10:24 am

MEDICAL ENTRANCEതിരുവനന്തപുരം: ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി, ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശത്തിനായുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും രണ്ടിന് വൈകീട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് സൗകര്യമുണ്ടാവും. മൂന്നിന് രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അഞ്ചിനും ഒമ്പതിനും ഇടയിലുള്ള തീയതികളില്‍ ഫീസും ബാക്കിയുള്ള തുകയും അടക്കാവുന്നതാണ്. അഞ്ചിനും പത്തിന് വൈകീട്ട് അഞ്ച് മണിക്കും ഇടയില്‍ വിദ്യാര്‍ഥികള്‍ അതത് കോളജുകളില്‍ പ്രവേശനം നേടിയിരിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷനര്‍ അറിയിച്ചു. പത്തിന് വൈകീട്ട് 5.30ന് മുമ്പായി കോളജ് അധികൃതര്‍ നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം.
സംസ്ഥാന ക്വാട്ടയിലെ സീറ്റിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് മൂന്നിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 2014-15 വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ ഡെന്റല്‍ കോഴ്‌സുകളിലേക്ക് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളില്‍ ഒന്നാം ഘട്ട കൗണ്‍സിലിംഗിനുശേഷം ഒഴിവുവന്ന 12 സീറ്റുകളിലേക്ക് നടത്തുന്ന രണ്ടാംഘട്ട കൗണ്‍സിലിംഗ് അടുത്ത മാസം മൂന്നിന് തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓഫീസില്‍ നടത്തും. വിശദമായ വിജ്ഞാപനം www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.