യുവാവ് സ്വയം തീക്കൊളുത്തി ബി എസ് പി നേതാവിനെ കെട്ടിപ്പിടിച്ചു; രണ്ട് പേരും ഗുരുതരാവസ്ഥയില്‍

Posted on: April 30, 2014 12:19 am | Last updated: April 30, 2014 at 12:19 am
SHARE

ലക്‌നോ: യുവാവ് സ്വയം തീക്കൊളുത്തിയതിന് ശേഷം ബി എസ് പി നേതാവ് കംറുസ്സമ ഫൗജിനെ കെട്ടിപ്പിടിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ സുല്‍ത്താനാപൂര്‍ നഗരത്തില്‍ ദൂരദര്‍ശന്റെ ലൈവ് ടി വി പരിപാടിയായ ജന്‍മത് 2104നിടെയാണ് സംഭവം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ചക്കെത്തിയിരുന്നു. ഇതിനിടെ യുവാവ് പെട്രോള്‍ ശരീരത്തിലൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു. ഇതിന് ശേഷം ബി എസ് പി നേതാവിന്റെ അടുത്തേക്ക് കുതിക്കുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. മാവ് ജില്ലയില്‍ നിന്നുള്ള ദുര്‍ഗേശ് എന്ന ഈ യുവാവിന്റെ ശരീരത്തിന്റെ 95 ശതമാനവും തീപ്പൊള്ളലേറ്റു. ബി എസ് പി നേതാവിന് 75 ശതമാനവും പൊള്ളലേറ്റതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും സമീപത്തെ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് നേതാവ് രാംകുമാര്‍ സിംഗിനും ചൗധരി റാം വര്‍മക്കും സാരമായി പൊള്ളലേറ്റു.