ഭട്ടിന്‍ഡയില്‍ തിരഞ്ഞെടുപ്പ് കുടുംബകാര്യം

  Posted on: April 30, 2014 12:17 am | Last updated: April 30, 2014 at 12:17 am
  SHARE

  പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന ശിരോമണി അകാലിദള്‍- ബി ജെ പി സഖ്യത്തിന് അഭിമാന പോരാട്ടത്തിനും മുകളിലാണ് ഇത്തവണ ഭട്ടിന്‍ഡയില്‍ നടക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ബാദല്‍ കുടുംബപ്പോര്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ മകനും ഉപ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യ ഹര്‍സിമ്രത് കൗര്‍ ബാദലാണ് ശിരോമണി അകാലിദള്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് പ്രകാശ് സിംഗ് ബാദലിന്റെ സഹോദര പുത്രന്‍ മന്‍പ്രീത് സിംഗ് ബാദലും. പ്രകാശ് സിംഗ് ബാദലിന്റെ ജന്മദേശമായ ബാദല്‍ ഗ്രാമം ഉള്‍ക്കൊള്ളുന്നതാണ് ഭട്ടിന്‍ഡ മണ്ഡലം. മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ലാംബി കൂടി ഉള്‍പ്പെട്ടതാണ് ഭട്ടിന്‍ഡയെന്നത് പോരാട്ടത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നുണ്ട്. ഭട്ടിന്‍ഡയിലെ സിറ്റിംഗ് എം പിയാണ് ഹര്‍സിമ്രത് കൗര്‍.
  2012ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരെ അകാലിദളില്‍ സുഖ്ബീര്‍ സിംഗ് ബാദലിന് തൊട്ടുതാഴെയായിരുന്നു മന്‍പ്രീത് സിംഗ് ബാദലിന്റെ സ്ഥാനം. ഗിദര്‍ബാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എം എ എല്‍ എയായ മന്‍പ്രീത് സിംഗ് ബാദല്‍, ശിരോമണി അകാലിദള്‍ സര്‍ക്കാറില്‍ കാബിനറ്റ് മന്ത്രിയുമായിരുന്നു. പാര്‍ട്ടിയിലെ മൂപ്പിളമ തര്‍ക്കത്തെ തുടര്‍ന്നാണ് മന്‍പ്രീത് ശിരോമണി അകാലിദള്‍ വിടുന്നത്.
  2011 മുതല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബ് (പി പി പി) രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനം. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി പി പി ടിക്കറ്റില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയമേറ്റുവാങ്ങിയ മന്‍പ്രീതിന് ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. പി പി പി സ്ഥാനാര്‍ഥിയാണെന്ന് മന്‍പ്രീത് ഇപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ‘കൈപ്പത്തി’ ചിഹ്നത്തിലാണ് ഇത്തവണ വോട്ട് പിടിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയുള്ള പി പി പി സ്ഥാനാര്‍ഥിയായിട്ടാകും മത്സരിക്കുകയെന്ന് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തന്നെ രംഗത്തെത്തുകയായിരുന്നു.
  ശിരോമണി അകാലിദളിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ഭട്ടിന്‍ഡ. മണ്ഡലത്തില്‍ ഭൂരിഭാഗം തവണയും വിജയിച്ചത് അകാലിദള്‍ ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് ഹര്‍സിമ്രത്ത് കൗര്‍ ഇവിടെ നിന്ന് പാര്‍ലിമെന്റിലെത്തിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മകന്‍ റണീന്ദര്‍ സിംഗിനെ 1.35 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹര്‍സിമ്രത് കൗര്‍ പരാജയപ്പെടുത്തിയത്. എന്നാല്‍, ഇത്തവണ അകാലിദളിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ബാദല്‍ കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ കുടുംബാംഗം തന്നെ പോരിനിറങ്ങുന്നത് ഹര്‍സിമ്രത്ത് കൗറിന് ലഭിക്കേണ്ട വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നു തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 മണ്ഡലങ്ങളിലും പി പി പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കിലും ഒരിടത്തും ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ വിജയിച്ചില്ലെങ്കില്‍ അത് മന്‍പ്രീതിന്റെ രാഷ്ട്രീയ അന്ത്യമായിരിക്കുമെന്നാണ് എതിരാളികള്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രംഗത്തെത്തുന്ന മന്‍പ്രതീന് സി പി ഐയുടെയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണാലയുടെ അകാലിദളി (ലോംഗോവാള്‍)ന്റെയും പിന്തുണയുണ്ട്. പഞ്ചാബില്‍ സി പി ഐക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഭട്ടിന്‍ഡ. 1999ലെ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥി ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെയും സഖ്യ കക്ഷികളുടെയും വോട്ട് കൂടി ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് പി പി പി നേതാക്കള്‍ പറയുന്നത്.
  കുടുംബപ്പോരാണ് മണ്ഡലത്തില്‍ നടക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് രണ്ട് സ്ഥാനാര്‍ഥികളുടെയും കുടുംബാഗങ്ങള്‍ പ്രചാരണ രംഗത്ത് സജീവമായുണ്ട്. പ്രകാശ് സിംഗ് ബാദലിന് പുറമെ സുഖ്ബീര്‍ സിംഗ് ബാദല്‍ ഭാര്യയുടെ വിജയം ഉറപ്പാക്കാന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മന്‍പ്രീത് സിംഗിന്റെ ഭാര്യയും മകനും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും എം പിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളുമാണ് ഹര്‍സിമ്രത് കൗര്‍ പ്രചാരണ വേദികളില്‍ ഉയര്‍ത്തുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 140 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നുവെന്നാണ് ഹര്‍സിമ്രത് അവകാശപ്പെടുന്നത്. ഭരണത്തിലുള്ള ബാദല്‍ കുടുംബത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് മന്‍പ്രീത് നടത്തുന്നത്. പഞ്ചാബി ഗായകനായ ജസ്‌രാജ് സിംഗ് ലോംഗിയയാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി.