Connect with us

Gulf

വാഹനാപകടത്തില്‍ ഗുരുതര പരുക്ക്: മലപ്പുറം സ്വദേശിക്ക് 11 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published

|

Last Updated

ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പിതാവിന് വേണ്ടി മകന്‍ രക്ഷകര്‍ത്താവായി വക്കാലത്ത് നല്‍കിയ അപൂര്‍വ സംഭവത്തില്‍ 11 ലക്ഷം ദിര്‍ഹം(ഏകദേശം 1 കോടി 90 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. മലപ്പുറം പൊന്നാനി താമലശ്ശേരി മഠത്തില്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദിനാണ് നഷ്ടപരിഹാരം ലഭിക്കുക.
ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ് 2012 ജനുവരി 15ന് രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നുപോകുമ്പോള്‍ സ്വദേശി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ മുഹമ്മദിന് കുവൈത്ത് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനോ, ശരീരം ചലിപ്പിക്കുവാനോ സാധിച്ചില്ല. ഭാര്യാ സഹോദരന്‍ അബ്ദുട്ടിയും മകന്‍ ഫിറോസും ദുബൈ അല്‍ ഖബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയെ ബന്ധപ്പെട്ട് കേസ് നല്‍കിയെങ്കിലും അബോധാവസ്ഥയിലുള്ള വ്യക്തിയുടെ വക്കാലത്ത് എടുക്കാന്‍ നിയമ തടസ്സമുണ്ടായി. തുടര്‍ന്ന് മകനെ പിതാവിന്റെ രക്ഷാകര്‍ത്താവായി നിയമിച്ച് കേസ് ഫയല്‍ ചെയ്യുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. മകന്‍ പിതാവിന്റെ രക്ഷകര്‍ത്താവായ യുഎഇയിലെ അപൂര്‍വ കേസില്‍ ജഡ്ജിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു ഇതെന്ന് ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. പിന്നീട്, മുഹമ്മദിനെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോയി.
60 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാര്‍ജ പ്രാഥമിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തുവെങ്കിലും കോടതി ആറ് ലക്ഷം ദിര്‍ഹമാണ് വിധിച്ചത്. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് രോഗിയുടെ ദുരവസ്ഥ കണക്കിലെടുത്ത് അപ്പീല്‍ കോടതി അഞ്ച് ലക്ഷം ദിര്‍ഹം കൂടി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. 11 ലക്ഷം ദിര്‍ഹമിന്റെ അഞ്ച് ശതമാനം പലിശയും ലഭിക്കുമെന്ന് അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. മുഹമ്മദ് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.

Latest