പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു

Posted on: April 29, 2014 3:23 pm | Last updated: April 30, 2014 at 9:20 am
SHARE

m v devan

കണ്ണൂര്‍: പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചിത്രകാരന്‍, ശില്‍പി, വാസ്തുശില്‍പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ദേവന്‍. 1928 ജനുവരി 15ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയില്‍ മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായിട്ടായിരുന്നു ജനനം.

ചെന്നൈയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിലായിരുന്നു ചിത്രകല അഭ്യസിച്ചത്. ഡി പി റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രഗല്‍ഭരുടെ കീഴിലാണ് എം വി ദേവന്‍ ചിത്രകല അഭ്യസിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റേയും ഉറൂബിന്റേയും വിഖ്യാത കഥാപാത്രങ്ങള്‍ക്ക് ചിത്രങ്ങളിലൂടെ രൂപ ഭാവങ്ങള്‍ പകര്‍ന്നത് എം വി ദേവനായിരുന്നു.

ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്ന ദേവന്‍ പിന്നീട് എണ്ണച്ചായ ചിത്രത്തിലേക്ക് വരികയായിരുന്നു. കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ദേവന്‍ ശില്‍പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പില്‍ക്കാലത്താണ് അദ്ദേഹം വാസ്തുശില്‍പത്തിലേക്ക് തിരിഞ്ഞത്.