Connect with us

Ongoing News

പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ കല്‍പ്പടവുകളില്‍ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: റോഡില്‍ കുഴിയെടുക്കുന്നതിനിടെ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ കല്‍പ്പടവുകളില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഉത്ഖനന വകുപ്പിലെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സമിതി ഒരാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്ഷേത്രസുരക്ഷ ശക്തമാക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിക്കാനുളള ശ്രമത്തിനിടെയാണ് കഴിഞ്ഞ ദിവസം വടക്കേനടക്ക് സമീപം ശ്രീപാദം കൊട്ടാരത്തിനടുത്തായി മണ്ണിനടിയില്‍ കല്‍പ്പടവുകള്‍ കണ്ടെത്തിയത്. ഈ കല്‍പ്പടവുകളാണ് പുരാവസ്തു ഗവേഷണ വകുപ്പ് നിയോഗിച്ച സംഘം പരിശോധിക്കുന്നത്. കല്‍പ്പടവിന്റെ കാലപ്പഴക്കം, പ്രാധാന്യം, ചരിത്രം എന്നിവ കണ്ടെത്തുന്നതിനുളള മണ്ണ് പരിശോധനകളാണ് ആരംഭിച്ചത്. ഇതിനായി പടവുകള്‍ക്ക് സമീപമുള്ള മണ്ണെടുക്കാന്‍ തുടങ്ങി. ഇതില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മാത്രമേ കൂടുതല്‍ ഖനനം വേണ്ടിവരൂ. പുരാതനകാലത്തെ നാണയങ്ങളോ മറ്റ് വസ്തുകളോ ഉണ്ടോയെന്ന് വിദഗ്ധസംഘം പരിശോധിക്കും. വടക്കെ നടക്ക് വളരെ അടുത്തായതിനാല്‍ വന്‍തോതില്‍ ഖനനം നടത്തുന്നതിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുളള പത്മനാഭസ്വാമി ക്ഷേത്രം ഭൂമിശാസ്ത്രപരമായി നില്‍ക്കുന്നത് ചതുപ്പ് പ്രദേശത്തെ ഉയര്‍ന്ന ഭാഗത്താണ്. ക്ഷേത്രത്തിന് ചുറ്റുമുണ്ടായിരുന്ന താഴ്ന്ന തട്ടുകളിലേക്ക് പോകാന്‍ നിര്‍മിച്ചതാകും ഈ പടിക്കെട്ടുകളെന്നും ക്ഷേത്രസുരക്ഷയുടെ ഭാഗമായി ചുറ്റുമുളള ചതുപ്പ് നിലങ്ങള്‍ മണ്ണിട്ട് നികത്തിയപ്പോള്‍ ഇവ മണ്ണിനടയില്‍ ആയതാവാമെന്നുമാണ് പൂരാവസ്തു ഗവേഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഉത്ഖനന വിഭാഗം മേധാവി ബി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. ഇപ്പോഴത്തെ പര്യവേക്ഷണം പൂര്‍ത്തിയാകാന്‍ ഒരാഴ്ചയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മണ്ണ് പരിശോധനയില്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ഏതെങ്കിലും ഘടകങ്ങള്‍ ലഭിച്ചാല്‍ മാത്രം കല്‍പ്പടവുകള്‍ കൂടുതല്‍ കുഴിച്ച് പരിശോധന നടത്തിയാല്‍ മതിയെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ക്ഷേത്രത്തിന് സമീപമായതിനാല്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള പരിശോധന സുരക്ഷയെ ബാധിക്കുമെന്നും ഇന്നലെ രാവിലെ ചേര്‍ന്ന സമിതിയോഗം വിലയിരുത്തി.

Latest