Connect with us

Ongoing News

ഹവാല ഇടപാടുകാരനൊപ്പമുള്ള മോദിയുടെ ചിത്രം പുറത്ത്‌

Published

|

Last Updated

അഫ്‌റോസ് ഫത്തക്കൊപ്പം (വൃത്തത്തില്‍) മോദി

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രക്കെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് രൂക്ഷമായ ആക്രമണവുമായി രംഗത്ത്. സൂറത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹവാലാ ഇടപാടുകാരനെന്ന് ആരോപിക്കപ്പെടുന്ന അഫ്‌റോസ് ഫത്തയുമായി നരേന്ദ്ര മോദിക്കുള്ള ബന്ധത്തിന് തെളിവ് പുറത്തു വിട്ടാണ് കോണ്‍ഗ്രസ് കടന്നാക്രമണത്തിന് മുതിര്‍ന്നത്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഫ്‌റോസ് ഫത്തയുടെ വീടുകളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. ഫത്തയോടൊപ്പം മോദി നില്‍ക്കുന്ന ചിത്രങ്ങളാണ് കോണ്‍ഗ്രസ് പുറത്തു വിട്ടിരിക്കുന്നത്.
ചില കാര്യങ്ങളില്‍ മറുപടി പറയാനുള്ള ബാധ്യത ബി ജെ പിക്കും നരേന്ദ്ര മോദിക്കും ഉണ്ട്. നരേന്ദ്ര മോദിയും ഫത്തയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം, ബന്ധത്തിന്റെ ദൃഢത, ഫത്തക്ക് മോദി നല്‍കുന്ന സഹായങ്ങള്‍, തിരിച്ചു ലഭിക്കുന്ന ഗുണങ്ങള്‍ എന്നിവയെല്ലാം പുറത്തു വരണം. അവ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സജ്‌റേവാലാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോദിക്ക് ഹവാലാ റാക്കറ്റുമായി ബന്ധമുണ്ടെന്ന് പ്രാഥമിക വിവരങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. അഫ്‌റോസ് കൊണ്ടുവന്ന ആയിരം കോടിയുടെ ഹവാലാ പണം ആരുടേതാണ്? ഇത് ആര്‍ക്ക് വേണ്ടി എന്തിന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു? ബബ്‌ലൂ ശ്രീവാസ്തവയെപ്പോലുള്ള അധോലോക ക്രിമിനലുകളുമായി ബി ജെ പി നേതാക്കള്‍ക്കുള്ള ബന്ധം എത്തരത്തിലുള്ളതാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ അവര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് വക്താവ് വെല്ലുവിളിച്ചു.
മോദിയുടെയും ഗുജറാത്ത് ബി ജെ പിയുടെയും വെബ്‌സൈറ്റില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് തങ്ങള്‍ പുറത്തു വിടുന്നത്. ഇവ അഫ്‌റോസുമായുള്ള മോദിയുടെ ബന്ധം വ്യക്തമാക്കുന്നതാണ്. പിന്നാമ്പുറ കഥകള്‍ പറയാനുളള ബാധ്യത ബി ജെ പിക്കാണ്. ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ മോദി തയ്യാറാകുന്നില്ലെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വജ്ര വ്യാപാരിയായ അഫ്‌റോസ് ഫത്തയുടെ ഓഫീസിലും വീടുകളിലും കഴിഞ്ഞ മാര്‍ച്ചിലാണ് ഇ ഡി റെയ്ഡ് നടന്നത്. എഴുനൂറ് കോടിയുടെ ഹവാലാ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
എന്നാല്‍, തനിക്ക് ഹവാലാ റാക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ഫത്ത പറയുന്നു. വിശദമായി അന്വേഷണം നടക്കണം. തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. അവര്‍ക്ക് എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എല്ലാം ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്- ഫത്ത പറഞ്ഞു. അതേസമയം, അഫ്‌റോസ് ഫത്ത ഉടന്‍ അറസ്റ്റിലാകുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Latest