Connect with us

Kollam

ക്ഷേത്ര സ്വത്ത് മോഷ്ടിച്ചെന്ന ആനന്ദബോസിന്റെ ആരോപണം അല്‍പത്തരമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കൊല്ലം: തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മോഷ്ടിച്ചുവെന്ന സി വി ആനന്ദബോസിന്റെ ആരോപണം അല്പത്തരമാണെന്നു ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. പരിശോധനാ സമിതിയില്‍ ഉണ്ടായിരുന്ന ആനന്ദബോസ് അന്ന് ഇക്കാര്യം പറയണമായിരുന്നു. അന്നുപറയാന്‍ കാണിക്കാത്ത ധൈര്യം ഇപ്പോള്‍ കാണിക്കുന്നത് അല്‍പ്പത്തരമാണ്. മലയാളം അറിയാത്ത അമിക്കസ്‌കൂറി പറയുന്നതുകേട്ട് പ്രതികരിക്കുന്ന നടപടി ശരിയല്ല. ചുളുവില്‍ പേരെടുക്കാന്‍ മാന്യന്മാരായവരെ അപമാനിക്കരുത്. തിരുവിതാംകൂര്‍ രാജകുടുംബം മോഷ്ടാക്കളാണെന്ന് പറയുന്നത് തെറ്റാണ്. സ്വത്ത് രാജകുടംബത്തിന്റേതാണ്. അവരുടെ സ്വത്ത് അവര്‍തന്നെ മോഷ്ടിക്കേണ്ടതില്ല. ചരിത്രം അറിയാത്തവരാണ് ഇത്തരം അല്‍പ്പത്തരം വിളമ്പുന്നത്. ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ സ്വാതിതിരുനാള്‍ അറിയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കണം. അന്നത്തെ രാജഭരണകാലത്ത് ഉടമ്പടി പ്രകാരം പെണ്ണാണ് രാജകുടുംബത്തിന് ജനിക്കുന്നതെങ്കില്‍ സ്വത്തും ഭരണവും മൊത്തമായി ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയേനെ. രാജ്യത്തിന്റെ സ്വത്ത് സൂക്ഷിക്കുകയാണ് രാജകുടുംബം ചെയ്തത്. അല്ലാതെ അടിച്ചുമാറ്റുകയായിരുന്നില്ല.
രാജകുടുംബം ഇന്ത്യന്‍ യൂനിയനില്‍ ചേരാന്‍ തീരുമാനിച്ച സമയത്ത് അവരുടെ ആശ്രീതരായി നിന്നവരുടെ സ്വത്തുവിവരവും ഉറവിടവും സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയാറായാല്‍ ആരാണ് യഥാര്‍ഥ മോഷ്ടാക്കളെന്ന് കണ്ടെത്താന്‍ കഴിയുമെന്നും ജോര്‍ജ് പറഞ്ഞു. രാജകുടുംബത്തോടു മാന്യത കാണിക്കുകയാണ് വേണ്ടതെന്നും ക്ഷേത്രത്തിലെ അമൂല്യസ്വത്ത് വരും തലമുറക്ക് വേണ്ടി സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest