Connect with us

Kasargod

സീറോ ലാന്റ് ജില്ലക്ക് പുറത്തുള്ളവര്‍ക്ക് ഭൂമി നല്‍കരുത്: മുസ്‌ലിംലീഗ്

Published

|

Last Updated

കാസര്‍കോട്: യു ഡി എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭൂമി നല്‍കുന്നതിന് പകരം ജില്ലക്ക് പുറത്തുള്ളവര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ആവശ്യപ്പെട്ടു.
സീറോ ലാന്റ് പദ്ധതി പ്രകാരം മാര്‍ച്ചില്‍ പത്തായിരത്തോളംപേര്‍ക്കാണ് ഭൂമി അനുവദിച്ചത്. 30,000 അപേക്ഷകര്‍ക്ക് ഇനിയുംഭൂമി നല്‍കാനുണ്ട്. കൂടാതെ അപേക്ഷ നല്‍കാത്ത പതിനായിരക്കണക്കിന് ഭൂരഹിതര്‍ ജില്ലയില്‍ വേറെയുമുണ്ട്. ജില്ലയിലെ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം അന്യ ജില്ലക്കാരെ തിരുകിക്കയറ്റി ഭൂമി നല്‍കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇത് എന്തുവിലകൊടുത്തും നേരിടും.
ജില്ലയില്‍ വര്‍ഷങ്ങളായി കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ട്. ജില്ലയിലെ ഭൂ രഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കും ഭൂമി നല്‍കുന്നതിനും മിച്ചം വരുന്ന ഭൂമി പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നീക്കിവെക്കണമെന്നും എ അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടു.

Latest