Connect with us

Malappuram

എന്റെ മരം പദ്ധതിയിലൂടെ ഇത്തവണ വിതരണം ചെയ്യുന്നത് നാലര ലക്ഷം തൈകള്‍

Published

|

Last Updated

മലപ്പുറം: സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷം എന്റെ മരം പദ്ധതിക്കായി ജില്ലയിലെ വിദ്യാലയങ്ങളിലേക്ക് നാലര ലക്ഷം വൃക്ഷ തൈകള്‍ വിതരണം ചെയ്യും. അടുത്ത മാസം അവസാനത്തോടെ തൈകള്‍ വിതരണത്തിനായി സ്‌കൂളുകളില്‍ എത്തിക്കും.
ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ വിതരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കും. മഹാഗണി, ഈട്ടി, തേക്ക്, ഞാവല്‍ എന്നിവക്ക് പുറമെ മാവ്, നെല്ലിക്ക, സീത പഴം, അരിനെല്ലി, സപ്പോട്ട തുടങ്ങി ഫല വൃക്ഷ തൈകളും വിതരണത്തിന് എത്തും. 17 ഇനം വൃക്ഷ തൈകളാണ് വിതരണത്തിനായി അധികൃതര്‍ എത്തിക്കുക. സ്‌കൂളുകളിലേക്ക് ആവശ്യമായ തൈകള്‍ ജില്ലയിലെ സോഷ്യല്‍ ഫോറസ്റ്റിന് കീഴിലെ നിലമ്പൂരിലേയും പരപ്പനങ്ങാടിയിലേയും നഴ്‌സറികളില്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസം ആദ്യവാരത്തിലാണ് സ്‌കൂളിലേക്കുള്ള തൈകള്‍ സോഷ്യല്‍ ഫോറസ്റ്റ് അധികൃതര്‍ ഉത്പാദിപ്പിച്ച് തുടങ്ങിയത്. തൈ ഒന്നിന് ഏട്ട് രൂപയാണ് സര്‍ക്കാര്‍ ധന സഹായമായി ഇതിന് സോഷ്യല്‍ ഫോറസ്റ്റിന് നല്‍കുക. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് തൈകള്‍ നല്‍കും. ഇത്തവണ ജില്ലയില്‍ തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്കാണ് തൈകള്‍ നല്‍കുക. ഇതിനുള്ള അപേക്ഷകള്‍ സോഷ്യല്‍ ഫോറസ്റ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ സ്വീകരിച്ചു വരുകയാണ്. നിലവില്‍ ജില്ലയില്‍ 1500 ഓളം വിദ്യാലയങ്ങളാണുള്ളത്. എല്ലാ വിദ്യായലങ്ങള്‍ക്കും നല്‍കാന്‍ ആവശ്യമായ തൈകളിലാത്തതാണ് സ്‌കൂളുകളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് തിരഞ്ഞെടുക്കല്‍ രീതി ഉപയോഗപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷവും നലര ലക്ഷത്തോളം തൈകളാണ് സോഷ്യല്‍ ഫോറസ്റ്റ് നല്‍കിയത്. എന്നാല്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്തും കോഴിക്കോടുമാണ് കുടൂതല്‍ വിദ്യാലയങ്ങളുള്ളത്. ഇക്കാരണത്താല്‍ നലര ലക്ഷം തൈകള്‍ തികയാത്ത സ്ഥിതിയുണ്ടെന്ന് സോഷ്യല്‍ ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കൂടാതെ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ തൈകളില്‍ പലതും കൃത്യമായ പരിചരണമില്ലാത്തത് കാരണം നശിച്ചു പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായി ഇത്തവണ വിദ്യാര്‍ഥികള്‍ക്ക് നട്ടു വളര്‍ത്തുന്നതിനായി തൈ കൈമാറുന്ന ഘട്ടത്തില്‍ തന്നെ കുട്ടികള്‍ തൈകളുടെ പരിചരണം ഉറപ്പു വരുത്തുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കും.
ഓരോ മാസത്തിലും മരത്തിന്റെ വളര്‍ച്ചയും മറ്റ് വിവരങ്ങളും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്‍കണം. ജനകീയ കൂട്ടായ്മയില്‍ സോഷ്യല്‍ ഫോറസ്റ്റിന്റെ നേതൃത്വത്തില്‍ ഈ മണ്‍സൂണില്‍ പുറമ്പോക്ക് ഭൂമിയില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ തുടങ്ങിയതായി മലപ്പുറം ഡിവിഷന്‍ അസിസ്റ്റന്റ് സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എം വിജയകുമാരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest