അവഗണനയുടെ സ്മാരകമായി ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം

Posted on: April 28, 2014 11:18 am | Last updated: April 28, 2014 at 11:18 am
SHARE

മഞ്ചേരി: അവഗണനയുടെ സ്മാരകമായി മാറുകയാണോ ആദരണീയനായ ശിഹാബ് തങ്ങളുടെ പേരിലുള്ള കെട്ടിട സമുച്ചയം.
സംസ്ഥാനത്തെ ഏറ്റവും വലിയ ജനറല്‍ ആശുപത്രിയാക്കി മഞ്ചേരി ആശുപത്രിയെ മാറ്റുമെന്നും സ്റ്റാഫ് പാറ്റേണ്‍ ഉയര്‍ത്തുമെന്നും 2010 ജനുവരി രണ്ടിന് അന്നത്തെ ആരോഗ്യ മന്ത്രി പി കെ ശ്രീമതി വാഗ്ദാനം ചെയ്തിരുന്നു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതായി കേന്ദ്ര മന്ത്രി ഇ അഹമ്മദും വാക്ക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാറുള്ള തനിക്ക് ആരോഗ്യവകുപ്പിനെ പുകഴ്ത്താനുള്ള അവസരമാണിതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ആശുപത്രി മുറ്റത്ത് തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി പറഞ്ഞിരുന്നു. പ്രസവ വാര്‍ഡില്‍ ഇനി ഗര്‍ഭിണികളും അമ്മമാരും തറയില്‍ കിടക്കേണ്ടി വരില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അരിമ്പ്ര മുഹമ്മദിന്റെ പ്രസ്താവന രോഗികള്‍ക്ക് പോലും കുളിര്‍മ പകര്‍ന്നിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ മെഡിക്കല്‍ കോളജ് വന്നു. ഒന്നാം വര്‍ഷം എം ബി ബി എസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. രണ്ടാം വര്‍ഷം പുതിയ 100 വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കം തകൃതിയായി നടക്കുന്നു. 20 വര്‍ഷം മുമ്പ് മഞ്ചേരിക്കനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും അഞ്ചുനില ആശുപത്രി മെഡിക്കല്‍ കോളജായി പരിവര്‍ത്തനം ചെയ്തു. ശിശുക്കളുടെയും അമ്മമാരുടെയും പരിചരണം നടക്കേണ്ടിയിരുന്ന കെട്ടിടത്തില്‍ ഡോക്ടര്‍ ഭാഗം പഠിക്കുന്ന കുട്ടികള്‍ മൃതദേഹങ്ങള്‍ കീറിമുറിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ജനറല്‍ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച സൂബ്രോണ്‍ ഐ സി യു പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല.
12 ഓപ്പറേഷന്‍ തിയേറ്ററുകളുള്ള സമുച്ചയത്തില്‍ മൂന്ന് തിയേറ്റര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ആറ് അനസ്തറ്റിസ്റ്റുകള്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രം. പൂര്‍ണ ഗര്‍ഭിണികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നത് പതിവ് സംഭവം. ഇതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളും പരാതികളും പുതുമയല്ലാതാകുന്നു. ആശുപത്രിയുടെ പഴയ ബ്ലോക്ക് അറ്റകുറ്റപ്പണിക്കായി അഞ്ച് വര്‍ഷം മുമ്പ് അനുവദിച്ച ഒരു കോടി രൂപ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കേണ്ടത് എച്ച് എം സിയാണ്. ജനപ്രതിനിധികളുടെയും അധികൃതരുടെയും വാക്കുകള്‍ പൊളിവാക്കുകളും വീമ്പുപറച്ചിലുമാവുകയാണെന്ന് എല്ലാം കണ്ടും കേട്ടും അനുഭവിക്കുന്ന പൊതുജനം പറയുന്നു.