Connect with us

Kerala

ജല സംരക്ഷണത്തിനായി സര്‍ക്കാറിന് വിവിധ പദ്ധതികള്‍

Published

|

Last Updated

മലപ്പുറം: മണ്ണ്, ജല സംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. ഓരോ വര്‍ഷവും വേനല്‍ കാഠിന്യം കൂടുന്ന സാഹചര്യത്തിലും ഭൂമിക്കടിയിലെ ജലവിധാനം താഴുന്നതിനാലും ജല സംരക്ഷണത്തിനാണ് പദ്ധതികളില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. കൂടാതെ മണ്ണിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ വിവിധങ്ങളായ പരിശോധനാ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.
മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങളിലൂടെ ഭൂമിയിലെ ജലത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ അംഗീകൃത പദ്ധതി പ്രദേശത്ത് വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്ക് 90 ശതമാനവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് 95 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കര്‍ഷകര്‍ക്ക് കൃഷി ഭൂമിയില്‍ കയ്യാലകള്‍, കിടങ്ങുകള്‍, മഴ കുഴികള്‍, വൃക്ഷത്തൈ നടീല്‍, പുല്ല് വെച്ചുപിടിപ്പിക്കല്‍ എന്നിവക്ക് ഹെക്ടര്‍ ഒന്നിന് 25,000 രൂപ വരെ ഇതിന്റെ ഭാഗമായി സാമ്പത്തിക സഹായം നല്‍കും. പൊതു പ്രവര്‍ത്തനങ്ങളായ നീര്‍ച്ചാലുകള്‍ക്ക് ഭിത്തി കെട്ടല്‍, തടയണ, കുളം, മഴവെള്ള സംഭരണി എന്നിവക്കും സഹായം നല്‍കാനും പദ്ധതികളുണ്ട്. കൂടാതെ ദേശീയ നീര്‍മറി പദ്ധതി പ്രകാരം കാര്‍ഷിക ഭൂമിയിലെ മണ്ണ്- ജല സംരക്ഷണത്തിനായി ഹെക്ടറിന് 12,000 രൂപ മുതല്‍ 15,000 രൂപ വരെ സഹായവും നല്‍കും. ഈ പദ്ധതി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 134 സൂക്ഷമ നീര്‍ത്തടങ്ങളിലാണ് നടപ്പിലാക്കുക.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളെ കുട്ടനാടന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുളം നവീകരണം, സംരക്ഷണം, രാമച്ചം നടീല്‍ എന്നീ പദ്ധതികള്‍ക്ക് നൂറു ശതമാനം സബ്‌സിഡി ലഭ്യമാകും. വയനാട് ജില്ലയിലും ജല സംരക്ഷണത്തിനായി പ്രത്യേകം പദ്ധതികള്‍ 100 ശതമാനം സബ്‌സിഡിയോടെ നടപ്പിലാക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ജില്ലകളിലെ അതത് മണ്ണ്, ജല സംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ച് ആവശ്യമായ പരിപാലന മുറകളും വളം നല്‍കേണ്ടതും കൃഷി ഭവനുകള്‍ മുഖേന നടപ്പാലാക്കുന്നുണ്ട്.
തിരുവനന്തപുരം വഴുതക്കാടുള്ള അഗ്രോ ടെക്‌നോളജി സെല്ലില്‍ നിന്ന് മണ്ണിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാകും. പഞ്ചായത്ത് തലത്തിലുള്ള ഭൂവിഭവ റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിവക്ക് നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുണ്ട്.

Latest