Connect with us

Articles

സ്വയം നശിക്കാന്‍ വിധിക്കപ്പെട്ടവര്‍

Published

|

Last Updated

ഗുണനിലവാരം കുറഞ്ഞത് എന്ന് കരുതപ്പെടുന്ന 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകില്ലെന്ന് ജസ്റ്റിസ് വി ചിദംബരേഷ് ഉത്തരവായിരിക്കുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിന്റെ അന്തഃസത്തക്ക് കോട്ടം വരാതെയാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ബാറുടമകള്‍ സമര്‍പ്പിച്ച 54 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മദ്യനയം സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശയില്‍ നികുതി വകുപ്പിന്റെ ഉപദേശം ലഭ്യമായതിനു ശേഷമേ സര്‍ക്കാര്‍ പുതിയ നയം ആവിഷ്‌കരിക്കുകയുള്ളൂ.
ബാര്‍ നടത്തുക എന്നത് മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തെ 700ലധികം ബാറുകളില്‍ 300ന് മേല്‍ ബാറുകള്‍ക്ക് നേരത്തെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളതാണ്. ലൈസന്‍സ് സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നയം സര്‍ക്കാര്‍ ആവിഷ്‌കരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നമ്മുടെ സംസ്ഥാനത്ത് മദ്യപാനവും മയക്കുമരുന്നുകളുടെ ഉപഭോഗവും ക്രിമിനല്‍ കുറ്റങ്ങളും ദൈനംദിനം വര്‍ധിച്ചു വരികയാണ്.
എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രേരണ നല്‍കുന്നതില്‍ ഒരു പ്രധാന ഘടകമായി വര്‍ത്തിക്കുന്നത് മദ്യം തന്നെയാണ്. മദ്യത്തിന്റെ ഉത്പാദനവും വിതരണവും ഉപഭോഗവും വര്‍ധിച്ചുകൊണ്ടിരിക്കുക തന്നെയാണ് ചെയ്യുന്നത്. മദ്യപാന ശീലം ഉപേക്ഷിക്കുന്നിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ ചില പരിപാടികളും സര്‍ക്കാര്‍ തന്നെ നടപ്പിലാക്കാന്‍ ഇതിനകം വിഫലമായ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വലതു കൈകൊണ്ട് മദ്യം പ്രചരിപ്പിക്കകയും ഇടതു കൈകൊണ്ട് അതിന്റെ ഉപഭോഗം കുറക്കാനെന്ന മട്ടില്‍ ബാലിശവും പരിഹാസ്യവുമായ ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവരുന്നത് തീര്‍ത്തും ആത്മാര്‍ഥതയുടെ ഒരംശം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നടപടിയാണ്. മദ്യ വ്യവസായത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും മദ്യപാനത്തെ തെറ്റായി കാണാതിരിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വരെ അടുത്ത കാലത്ത് മദ്യവിരുദ്ധ പ്രചാരണ ജാഥകള്‍ നടത്തി പരിഹാസ്യരാകുകയുണ്ടായി.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മദ്യം നല്‍കുകയില്ലെന്ന വാദഗതികള്‍ നിരര്‍ഥകമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശകളില്‍ മദ്യം വാങ്ങിക്കാനെത്തുന്ന കുട്ടികളെ തടയുന്നതിനും മറ്റുമായി സമര്‍പ്പിച്ചിട്ടുള്ള ചില പുതിയ നിര്‍ദേശങ്ങളുണ്ട്. അവയൊന്നും തന്നെ പ്രായോഗികമോ ഫലപ്രദമോ എന്ന് പറഞ്ഞുകൂടാ. മദ്യം വാങ്ങിക്കാനായി വരുന്നവരുടെ ഊരും പേരും തിരച്ചറിയല്‍ കാര്‍ഡും വേണമെന്ന നിബന്ധന മുന്നോട്ടുവെച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ഏത് വെള്ളരിക്കാപട്ടണത്തിലാണ് ജീവിക്കുന്നതെന്ന് സംശയം തോന്നും. ഇതൊന്നും ഇന്നത്തെ കേരളത്തില്‍ സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല.
മദ്യം സമ്പൂര്‍ണമായി നിരോധിക്കുകയാണ് ഏക പരിഹാരമാര്‍ഗം. അപ്രകാരം നിരോധിക്കുന്ന പക്ഷം വ്യാജ മദ്യം ഒഴുകം എന്നും ആളുകള്‍ അത് കഴിച്ചുമരിക്കുമെന്നും നടത്തുന്ന പ്രചാരണം പൂര്‍ണമായി ശരിയല്ല. ഭാഗികമായി അതിനുള്ള സാധ്യതയുണ്ടെങ്കിലും അതിനെ ശക്തമായി നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാറിന് കഴിയും. വ്യാജ മദ്യനിര്‍മാണവും വിതരണവും ഉപഭോഗവും ഇപ്പോഴും വേണ്ടത്ര ഈ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. മദ്യത്തില്‍ മായം ചേര്‍ക്കുന്നതിന് വേണ്ടി വ്യാവസായിക അടിസ്ഥാനത്തില്‍ പോലും ഇവിടെ സ്പിരിറ്റ് നിര്‍മിക്കപ്പെടുന്നു. മദ്യ മാഫിയയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഈ വ്യവസായത്തെ നട്ടു വളര്‍ത്തുകയും പണം സമ്പാദിക്കുകയും ചെയ്തു വരുന്നുണ്ട്. അതൊന്നും തടഞ്ഞുനിര്‍ത്താന്‍ ഇന്നേവരെ ഒരു സര്‍ക്കാറിനും സാധിച്ചിട്ടില്ല.
ഉപജീവനത്തിന് മറ്റു വഴികളില്ലാത്ത ഏതെങ്കിലും ദരിദ്രവാസികള്‍ നാടന്‍ സാങ്കേതിക വിദ്യയും അസംസ്‌കൃതപദാര്‍ഥങ്ങളും ഉപയോഗിച്ച് വല്ലപ്പോഴും നാഴിയരി വാങ്ങിക്കാന്‍ വേണ്ടി വാറ്റിയെടുക്കുന്ന ഒരു കുപ്പി മദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയാന്‍ എക്‌സൈസ് വകുപ്പ് ഇവിടെ കാര്യക്ഷമമയായി പ്രവര്‍ത്തിക്കുന്നുണ്ട്. അബ്കാരി നിയമത്തിന്റെ വകുപ്പുകള്‍ അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തവുമാണ്. വന്‍കിട സ്പിരിറ്റ് കടത്തുകാരുടെയും വ്യാവസായികാടിസ്ഥാനത്തില്‍ വാറ്റുന്നവരുടേയും മദ്യത്തില്‍ മായം ചേര്‍ക്കുന്നവരുടെയും പേരില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനോ അത്തരക്കാരെ കല്‍ത്തുറുങ്കില്‍ അടക്കാനോ കാര്യപ്രാപ്തിയുള്ള ആണുങ്ങള്‍ ഇപ്പോഴും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഉദ്യോഗസ്ഥ പ്രമുഖരിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. മദ്യ മുതലാളിമാരുടെ മാസപ്പടിക്കാരും ശമ്പളം പറ്റുന്നവരും കിമ്പളം വാങ്ങുന്നവരുമായ ആളുകള്‍ക്കാണിവിടെ രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥ മേധാവികളിലും സ്വാധീനമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.
ഇപ്പോഴും 418 ബാറുകളുടെ ഗുണനിലവാരപ്രശ്‌നമാണ് ലൈസന്‍സ് പുതുക്കിക്കൊടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഏക ഘടകം എന്ന് കരുതപ്പെടുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പുന്നതിന് തടസ്സമില്ലെന്നും ബാറുകളിലെല്ലാം മദ്യം കഴിക്കുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മാത്രമാണ് ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളിലെ പ്രധാന വിഷയം. സമൂഹം അനുഭവിക്കുന്ന മദ്യവിപത്തിന് പരിഹാരം കാണാന്‍ ഇതുകൊണ്ട് ഒരിക്കലും കഴിയുകയില്ല. കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ സുഖമായി മദ്യപിക്കാന്‍ സൗകര്യമൊരുക്കുന്നു എന്ന് മാത്രമേ ഇത്തരം നടപടികള്‍ കൊണ്ട് പറയാനാകുകയുള്ളൂ.
മദ്യനിരോധത്തിന് തടസ്സമായി നില്‍ക്കുന്ന മറ്റൊരു ഘടകം ഏതാനും ജീവനക്കാരും തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് എന്നതാണ്. അത്തരം ജീവനക്കാരെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാനും ഇതര വകുപ്പുകളിലേക്ക് മാറ്റാനൂം ഏതൊരു സര്‍ക്കാറിനും പരിശ്രമിച്ചാല്‍ സാധിക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ മദ്യനിരോധം നിലവിലുള്ള സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്.
കള്ള് ചെത്തുന്നതിന് പകരം നീരയുടെ ഉത്പാദനം ആരംഭിക്കുന്നതിനുള്ള ചില നടപടികള്‍ അടുത്ത കാലത്ത് വിജയകരമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മദ്യം സൃഷ്ടിക്കുന്ന മഹാവിപത്തുകള്‍ അത് ഉപയോഗിക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ സമൂഹത്തെ കാര്‍ന്നുതിന്നുകയാണ്. സ്ത്രീകളും കുട്ടികളും ഇന്ന് കുടുംബനാഥന്മാരുടെ മദ്യാസക്തി മൂലം കണ്ണീര് കുടിക്കുകയാണ്. വഴിതെറ്റിപ്പോകുന്ന കുടുംബിനികളും മക്കളും എണ്ണമറ്റതാണ്. എത്രയോ കുടുംബബന്ധങ്ങളെ മദ്യം ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു.
അക്രമങ്ങളും കൊലപാതകവും മോഷണവും വ്യഭിചാരവും കവര്‍ച്ചയും വിവാഹമോചനവും മാറാരോഗങ്ങളും ചെറു പ്രായത്തിലുള്ള മരണവും മദ്യം സൃഷ്ടിക്കുന്ന മഹാവിപത്തുകളാണ്. കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീപുരുഷന്മാരും വിദ്യാര്‍ഥിവിദ്യാര്‍ഥിനികളും ഇന്ന് മദ്യാപാനികളുടെ കുത്തഴിഞ്ഞ ജീവിതം കാരണം അശരണരായി തീര്‍ന്നിരിക്കുന്നു. പുതിയ തലമുറ മദ്യത്തിന് അടിമകളായി മാറിക്കൊണ്ടിരിക്കുന്നു. നഗരപ്രദേശങ്ങളിലെ കലാലയങ്ങളിലും ഹോസ്റ്റലുകളിലും യുവതീയുവാക്കള്‍ ഒരുപോലെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരായി മാറിവരുകയാണ്. കുടുംബിനികളിലും ഏറെക്കുറെ മദ്യം ഉപോയഗിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ജാതിയോ സമുദായമോ വ്യത്യസമില്ലാതെ ഇത്തരം ദുഷ്പ്രവണതകളും കൂടി വരുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ലൈംഗികമായ ആഭാസങ്ങളും വരെ ഇതിന്റെ ഫലമായി സമൂഹത്തെ ജീര്‍ണിതമാക്കുന്നു.
ജനപ്രതിനിധികളായ ചില സ്ത്രീകളില്‍ പോലും മദ്യപാനികളെ കണ്ടെത്തിയപ്പോള്‍ ഈ ലേഖകന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തെ നാശത്തിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാദുരന്തത്തില്‍ നിന്ന് മനുഷ്യ സമൂഹത്തെ കാത്തുരക്ഷിക്കാന്‍ സമ്പൂര്‍ണ മദ്യനിരോധം അത്യന്താപേക്ഷിതമാണ്. മദ്യത്തില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുമെന്ന ഭയമാണ് ഈ നടപടിക്ക് വിഘാതമായി നില്‍ക്കുന്ന മറ്റൊരു കാര്യം. ആ നഷ്ടം നികത്തുന്നതിന് എത്രയോ വഴികള്‍ ആവശ്യമുണ്ടെങ്കില്‍ തുറന്നു കിടപ്പുണ്ട്. മദ്യദുരന്തത്താല്‍ മാനവരാശി നരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പലയിനങ്ങളിലായി ഭീമമായ സംഖ്യ ചെലവഴിക്കുന്നുണ്ട്. അവയെല്ലാം ഇത്തരം നഷ്ടങ്ങള്‍ നികത്താന്‍ ഏറെ സഹായകരമാകും.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ഭരണത്തിലായാലും പ്രതിപക്ഷത്തായാലും കേരളീയ സമൂഹത്തോട് കടപ്പാടുള്ളവരാണെങ്കില്‍ മദ്യം സമ്പൂര്‍ണമായി നിരോധിക്കുന്നതിനു വേണ്ടി ജനങ്ങളുടെ അഭിപ്രായം അറിയാന്‍ ഒരു ഹിതപരിശോധന നടത്താന്‍ മുന്നോട്ടു വരേണ്ടതാണ്. സമ്പൂര്‍ണ മദ്യനിരോധം വേണമെന്ന അഭിപ്രായത്തോട് കേരളത്തിലെ ഭൂരിപക്ഷം പേര്‍ യോജിക്കുകയാണെങ്കില്‍ ജനഹിതം മാനിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തന്റേടം കാണിക്കണം.
മദ്യപാനവും വ്യഭിചാരവും ചൂതുകളിയും പലിശയുമൊക്കെ ശപിക്കപ്പെട്ട കാര്യങ്ങളാണ്. ഈ നാല് സമ്പ്രദായങ്ങളും ഒരു സമൂഹത്തേയും നേര്‍വഴിക്ക് നയിച്ചതായി ചരിത്രമില്ല. ഒളിച്ചുകളി അവസാനിപ്പിച്ച് മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെങ്കിലും സമ്പൂര്‍ണ മദ്യനിരോധം എന്ന മുദ്രാവാക്യം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കണം. ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന അനേകം ജീര്‍ണതകളില്‍ നിന്ന് പകുതിയെങ്കിലും മോചനം നേടാന്‍ ഈ നടപടികള്‍ കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഐക്യജനാധിപത്യമുന്നണിക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോ മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ ഇതര ഘടക കക്ഷികള്‍ക്കോ സമ്പൂര്‍ണ മദ്യ നിരോധത്തെ അനുകൂലിക്കാതെ തരമില്ലെന്നത് വ്യക്തമാണ്. ഇവയിലൊരു പാര്‍ട്ടി പോലും മദ്യത്തിന്റെ ഉത്പാദനം, വിതരണം, വിപണനം, ഉപഭോഗം തുടങ്ങിയ ഒന്നിനോടും ആഭിമുഖ്യം പുലര്‍ത്തുന്നവരോ അനുകൂലിക്കുന്നവരോ ആണെന്ന് സംശയിക്കാന്‍ ഒരു പഴുതും ഇല്ല. എങ്കിലും ആരെയോ ഭയന്ന് ആര്‍ക്കോ വേണ്ടി ജനവിരുദ്ധമായ ഒരു നയം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നാശത്തിലേക്കുള്ള ഈ ഘോഷയാത്ര തടഞ്ഞുനിര്‍ത്താന്‍ തയ്യാറുള്ളവര്‍ മുന്നോട്ടുവരട്ടെ.

 

Latest