‘പഠന പിന്നാക്കാവസ്ഥയില്‍ കുട്ടികളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തരുത്’

Posted on: April 28, 2014 10:29 am | Last updated: April 28, 2014 at 10:29 am

കോഴിക്കോട്: വീട്ടിലെയും വിദ്യാലയങ്ങളിലെയും പഠനാന്തരീക്ഷം, കുടുംബങ്ങളിലെ താളപ്പിഴകള്‍, സംഘര്‍ഷഭരിതമായ ചുറ്റുപാടുകള്‍ എല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കാറുണ്ടെന്നും പിന്നാക്കാവസ്ഥക്ക് കുട്ടികളെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നും ഡിസ്‌ലക്‌സിയ ആക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ശിക്ഷക് സദനില്‍ നടന്ന അഞ്ച് ദിവസത്തെ ഡിസ്‌ലക്‌സിയ (പഠനവൈകല്യം) ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
വിജയശതമാനം കൂട്ടുന്നതോടൊപ്പം പഠനനിലവാരം കൂട്ടാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളും ഉണ്ടാകേണ്ടതാണെന്ന് ശില്‍പ്പശാല അധികൃതരോട് ആവശ്യപ്പെട്ടു. ഏഴുത്തിലും വായനയിലും ബുദ്ധിമുട്ടുള്ള കുട്ടികളെ വിശദമായി വിലയിരുത്തി കൃത്യമായ കാരണം കണ്ടെത്തേണ്ടതുണ്ട്. കാഴ്ച, കേള്‍വി, തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, പേശികളുടെ പ്രവര്‍ത്തനക്ഷമത എന്നിവ പരിശോധിക്കാനാവശ്യമായ റിസോര്‍സ് റൂമും പരിശീലനം ലഭിച്ച അധ്യാപകരും എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. കുട്ടികളുടെ ഗ്രാഹ്യരീതിക്കനുയോജ്യമായ വിധത്തില്‍ പഠനരീതികളിലും മാറ്റം വരേണ്ടതാണ്. പാഠ്യവിഷയങ്ങള്‍ക്കൊപ്പം കലാകായിക കഴിവുകള്‍ക്കും പ്രോത്സാഹനവും വിധിനിര്‍ണയത്തില്‍ പരിഗണനയും ലഭിക്കേണ്ടതുണ്ടെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
പരീക്ഷാ രീതിയില്‍ കാലോചിതമായ മാറ്റം വരേണ്ടതാണ്. ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് കുട്ടികളുടെ കോഴ്‌സും പഠന വിഷയങ്ങളും തീരുമാനാമെടുക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പഠിപ്പിക്കാനാവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് ലഭിക്കേണ്ടതാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍, തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്ത ശില്‍പ്പശാലക്ക് ഡോ. സി പി അബൂബക്കര്‍ നേതൃത്വം നല്‍കി.