Connect with us

Palakkad

എസ് ഡി പി ഐ ജില്ലാ പ്രസിഡന്റിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ശിവസേന ജില്ലാ ഭാരവാഹി അറസ്റ്റില്‍

Published

|

Last Updated

ഒറ്റപ്പാലം: എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ എസ് ഖജാഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശിവസേനയുടെ ജില്ലാ ഭാരവാഹി അറസ്റ്റിലായി. ശിവസേനാ ജില്ലാ നേതാവായ പനമണ്ണ അമ്പലവട്ടം കടാംകുര്‍ശ്ശി വീട്ടില്‍ അനൂപ് (29) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന അനൂപ് വീട്ടില്‍ വന്ന് പോകുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് ഒറ്റപ്പാലം സി ഐ കെ ജി സുരേഷ്, സി പി ഒമാരായ രാജേഷ്, രമേശ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ശിവസേനാ നേതാവ് പ്രസാദിന് വെട്ടേറ്റതിന് പ്രതികാരം ചെയ്യുന്നതിന് ഗൂഡാലോചനക്ക് നേതൃത്വം കൊടുത്തത് അനൂപാണെന്നും ഈ കേസ്സില്‍ ഒമ്പതാം പ്രതിയാണ് ഇയാളെന്നും പോലിസ് പറഞ്ഞു.
അനൂപിനെ അറസ്റ്റ് ചെയ്തതോടെ കേസന്വേഷണം ജില്ലാ നേതാക്കളിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായി. കാരണം ശിവസേനാ ജില്ലാ നേതാവായ പ്രസാദിന്റെ വീട്ടില്‍ വെച്ചാണ് ഖാജാഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനുള്ള ഗൂഡാലോചന നടന്നതെന്നും അന്വേഷണ സംഘത്തിന് സൂചന കിട്ടിയിട്ടുണ്ടെന്നും ഇതിനു അനൂപിനെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ ജില്ലാ നേതാക്കള്‍ക്കുള്ള വ്യക്തമായ പങ്ക് ലഭിക്കുമെന്നും മുമ്പ് പോലിസ് സൂചന നല്‍കിയിരുന്നു. ജനുവരി 31 നാണ് പള്ളിയിലേക്ക് പോകും വഴി വാണിയംകുളം പനയൂരില്‍ വെച്ച് കാറിലും ബൈക്കുകളിലുമായെത്തിയ ശിവസേനയുടെ ക്രിമിനല്‍ സംഘം ഖാജാഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടേറ്റ് ഗുരുതരമായ പരിക്കേറ്റ ഖാജാഹുസൈന്‍ ഇപ്പോഴും ചികിത്സയിലാണുള്ളത്.
അനൂപിനെ കൂടി അറസ്റ്റ് ചെയ്തതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കിഴൂര്‍ കറ്റക്കളത്തില്‍ കിരണ്‍ എന്ന ഷിയാസ് കിരണ്‍ (20), പനമണ്ണ അമ്പലവട്ടം ചാവക്കാട്ട് പറമ്പില്‍ പ്രജീഷ്(19), ഒറ്റപ്പാലം വീട്ടാംപാറ കുന്നത്ത് വിപിന്‍ എന്ന കുട്ടന്‍ (22), കരാട്ടുകുര്‍ശി സ്വദേശിയായ 16 കാരന്‍, പനമണ്ണ അമ്പലവട്ടം ചക്യായില്‍ രാമചന്ദ്രന്‍ (സ്വത്ത് രാമചന്ദ്രന്‍- 24) കല്ലുവഴി ചോലപറമ്പില്‍ വിനോദ് (24), ചെര്‍പ്പുളശ്ശേരി കാരാട്ടുകുര്‍ശ്ശി തോട്ടത്തില്‍ ശ്യാംകുമാര്‍ (24), കാരാട്ടുകുര്‍ശ്ശി കാരാട്ടുതൊടി സഞ്ജയ് (19) പ്രതികളെ ഒളിപ്പിക്കാന്‍ സൗകര്യം ഒരുക്കികൊടുത്ത മലപ്പുറം മൊറയൂര്‍ പുലിക്കോട്ടില്‍ ഹരിദാസ് എന്നിവരാണ് ഈ കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുള്ളത്. ഇനി ഈ കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് പറഞ്ഞു.
പ്രതികള്‍ സംഭവസ്ഥലത്തേക്കെത്തിയ കെ എല്‍ 10 എ ക്യു 3487 നമ്പര്‍ മാരുതി ആള്‍ടോ കാര്‍ ഓടിച്ചിരുന്ന െ്രെഡവര്‍ മുതുകുര്‍ശ്ശി സ്വദേശി സതീഷ്, രഗീഷ്, കത്തിരാധ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വ്യാഴാഴ്ച അറസ്റ്റുചെയ്ത അനൂപിനെ തെളിവെടുപ്പിന് ശേഷം ഇന്നലെ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest