Connect with us

Malappuram

പോലീസ് കംപ്ലയിന്റ് അതോറിറ്റി തെളിവെടുപ്പിനെത്തി

Published

|

Last Updated

ചങ്ങരംകുളം: പോലീസ് കസ്റ്റഡിയിലെടുത്ത മാണൂര്‍ സ്വദേശി കൊട്ടുകാട്ടില്‍ ഹനീഷ(23) യുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി.
റിട്ടയേഡ് ജഡ്ജിയും കംപ്ലയിന്റ് അതോറിറ്റി അംഗവുമായ പി മുരളീധരനാണ് സ്റ്റേഷനിലെത്തി മൊഴിയെടുത്തത്. കേസിന്റെ അന്വേഷണചുമതലയുള്ള തിരൂര്‍ ഡി വൈ എസ് പി. പി ഹസൈനാര്‍ പൊന്നാനി സി ഐ മനോജ് കബീര്‍ എന്നിവരില്‍നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. എസ് ഐ ശിവദാസന്‍ സസ്‌പെന്‍ഷനിലുള്ള എ എസ് ഐ തിലകന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലതിക, ഗിരീഷ് എന്നിവരെയും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരെയും ചോദ്യം ചെയ്തു.
വെള്ളിയാഴ്ച രാവിലെ പത്ത്മണി മുതല്‍ രാത്രിവരെ ചോദ്യം ചെയ്യലും ഇതുസംബന്ധിച്ചുള്ള രേഖകളുടെ പരിശോധനയും നടത്തി. സംസ്ഥാനത്ത് പോലീസുകാര്‍ക്കെതിരെയുണ്ടാകുന്ന പരാതികളില്‍ അന്വേഷണം നടത്തുന്നതിനാണ് സ്‌റ്റേറ്റ് പോലീസ് കംപംലയിന്റ് അതോറിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇതുകൂടാതെ ഹനീഷക്കെതിരെയുള്ള പരാതിയും പോലീസ് കൈകൊണ്ട നടപടികളും ബന്ധപ്പെട്ട രേഖകളും പരിശോധിക്കുകയുണ്ടായി. യുവതിയില്‍നിന്നും പിടികൂടിയ തൊണ്ടിമുതലുകള്‍ പരിശോധിക്കുകയും സ്വര്‍ണാഭരണങ്ങള്‍തൂക്കിനോക്കുകയും എ ടി എം സെന്ററില്‍നിന്നും പണം പിന്‍വലിക്കുന്നതിന്റെ രേഖകളും പരിശോധനക്ക് വിധേയമാക്കി. ഹനീഷയെ പോലീസ് കോട്ടക്കലില്‍നിന്നും കസ്റ്റഡിയിലെടുക്കുമ്പോഴുണ്ടായിരുന്ന പോലീസുകാരുടെ വിവരങ്ങളും കസ്റ്റഡിയില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചകള്‍ എന്നിവയും പരിശോധന നടത്തി.
ഹനീഷയുടെ മരണത്തില്‍ സ്വമേധയാ കേസെടുത്തതിന്റെ ഭാഗമായിട്ടാണ് സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ അന്വേഷണം.