Connect with us

Kozhikode

ജില്ലയില്‍ വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സി എ ലതയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
അടുത്തമാസം 16ന് രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണുള്ളത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം ഫാറൂഖ് കോളജിലും വടകരയുടേത് വെള്ളിമാട്കുന്ന് ജെ ഡി ടിയിലുമാണ്. വയനാട് മണ്ഡലത്തിന്റെ ഭാഗമായുള്ള ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം വെള്ളിമാട്കുന്ന് ഗവ. ലോ കോളജിലാണ്.
കോഴിക്കോട് മണ്ഡലത്തിന്റെ പരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫാറൂഖ് കോളജ് ക്യാമ്പസിനുള്ളിലെ ഇനി പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. ബാലുശ്ശേരി- ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയം, എലത്തൂര്‍- ട്രെയിനിംഗ് കോളജ് സെമിനാര്‍ ഹാള്‍ (ഒന്നാം നില), കോഴിക്കോട് നോര്‍ത്ത്- ട്രെയിനിംഗ് കോളജ് സെമിനാര്‍ ഹാള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍), കോഴിക്കോട് സൗത്ത്- ടി ടി ഐ സെമിനാര്‍ ഹാള്‍ (മുകള്‍ നില), ബേപ്പൂര്‍- ഹൈസ്‌കൂള്‍ ഹാള്‍ (രണ്ടാം നില കിഴക്ക് ഭാഗം), കുന്ദമംഗലം- ഹൈസ്‌കൂള്‍ ഹാള്‍ (രണ്ടാം നില പടിഞ്ഞാറ് ഭാഗം), കൊടുവള്ളി- ഹൈസ്‌കൂള്‍ ഹാള്‍ (രണ്ടാം നില പടിഞ്ഞാറ് ഭാഗത്തുള്ള കെട്ടിടം).
വടകര മണ്ഡലത്തിന്റെ വോട്ടെണ്ണുന്ന ജെ ഡി ടിയിലെ സ്ഥലങ്ങള്‍. തലശ്ശേരി- ഡോ. മുഹമ്മദ് അബ്ദുയമാനി മെമ്മോറിയല്‍ ഓഡിറ്റോറിയം (വടക്ക് ഭാഗം മൂന്നാം നില), കൂത്തുപറമ്പ്- (തെക്ക് ഭാഗം മൂന്നാം നില), വടകര- അല്‍-നൂറി നഴ്‌സിംഗ് കോംപ്ലക്‌സ് ഓഡിറ്റോറിയം (രണ്ടാം നില), കുറ്റ്യാടി- ജെ ഡി ടി ഓഡിറ്റോറിയം (പടിഞ്ഞാറ് ഭാഗം), നാദാപുരം- (കിഴക്ക് ഭാഗം), കൊയിലാണ്ടി- ഐ ടി സി ഹാള്‍ (ഗ്രൗണ്ട് ഫ്‌ളോര്‍ തെക്ക് വശം), പേരാമ്പ്ര – പോളിടെക്‌നിക്ക് ഓഡിറ്റോറിയം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം കലക്ടര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. കേന്ദ്ര സായുധ സേനാ ഭടന്മാരും സംസ്ഥാന പോലീസും ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെ ഗസ്റ്റഡ് കേഡറിലുള്ള ഉദേ്യാഗസ്ഥരെ പ്രതേ്യക നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ജോലിക്കുള്ള ജീവനക്കാരുടെ ആദ്യഘട്ട നിര്‍ണയം അടുത്ത മാസം ഏഴിനകം പൂര്‍ത്തീകരിക്കും.
മൈക്രോ നിരീക്ഷകര്‍ക്കും കൗണ്ടിംഗ് സ്റ്റാഫിനുമുള്ള പരിശീലനം 12 ന് മുമ്പ് പൂര്‍ത്തിയാക്കും. റിസര്‍വ് ഉള്‍പ്പെടെ ആയിരത്തോളം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ്, ഫാക്‌സ്, ഫോട്ടോകോപ്പിയര്‍, സി സി ടി വി ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളുമുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന് വിധേയമായി ഇരു മണ്ഡലങ്ങളിലേയും പോസ്റ്റല്‍ ബാലറ്റ് കലക്ടറേറ്റ് കേന്ദ്രീകരിച്ച് എണ്ണാനാണ് സാധ്യത. മീഡിയാ സെന്ററും സിവില്‍ സ്റ്റേഷനില്‍ തന്നെ സജ്ജമാക്കും.
വോട്ടെണ്ണല്‍ പുരോഗതിയും ഫലപ്രഖ്യാപനവും സുഗമമാക്കാന്‍ ട്രെന്റ്, ജെന്‍സിസ് എന്നീ സോഫ്റ്റ് വെയറുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പ്രക്രിയ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഈ മാസം 29ന് വൈകിട്ട് മൂന്നിന് കലക്ടറേറ്റില്‍ ഉദേ്യാഗസ്ഥതല യോഗം ചേരും. സഹ വരണാധികാരികളും തഹസില്‍ദാര്‍മാരും തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Latest