Connect with us

Malappuram

കടലുണ്ടി പുഴ മലിനമാക്കുന്നു

Published

|

Last Updated

തിരൂരങ്ങാടി: കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളി കടലുണ്ടി പുഴ മാലിനമാക്കുന്നു. വേനല്‍ കടുത്തതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
ചിലയിടങ്ങളില്‍ വറ്റിവരണ്ടും മറ്റിടങ്ങളില്‍ നീര്‍ചാലായും ഒഴുകുയാണ്. കുടിവെള്ള ക്ഷാമത്താല്‍ ജനം ദുരിതമനുഭവിക്കുമ്പോള്‍ ഉള്ള ജല സ്രോതസുകള്‍ മാലിന്യം നിക്ഷേപിച്ച് മലിനമാക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സായ കടലുണ്ടി പുഴയിലെ ചിലയിടങ്ങളിലാണ് പാഴ് വസ്തുക്കള്‍ നിക്ഷേപിച്ച് മലിനമാക്കുന്നത്. കടലുണ്ടി പുഴയില്‍ പറപ്പൂര്‍ തൊട്ട് മൂന്നിയൂര്‍ വരേയുള്ള ഭാഗങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. എന്നാല്‍ കോഴിക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള അവശിഷ്ടങ്ങള്‍ പഴയിലേക്ക് തള്ളുന്നത് വ്യാപകമായിട്ടുണ്ട്.
രാത്രി സമയങ്ങളില്‍ മാലിന്യവുമായി എത്തുന്ന സംഘം വിവിധ പാലങ്ങള്‍ക്ക് മുകളില്‍നിന്ന് പുഴയിലേക്ക് തള്ളുകയാണ് പതിവ്. പാറക്കടവ് പാലം, മമ്പുറം പാലം, ചുഴലി പാലം, തേര്‍ക്കയം പാലം തുടങ്ങിയ പാലങ്ങളില്‍ നിന്നാണ് മാലിന്യം നിക്ഷേപിക്കുന്നത്. പുഴയിലെ വെള്ളം ഒഴുക്കില്ലാത്തതിനാല്‍ പലഭാഗങ്ങളിലും മാലിന്യവും പാഴ് വസ്തുക്കളും പുഴയില്‍ കെട്ടി കിടക്കുകയാണ്. ചില സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും കക്കൂസ് മാലിന്യം വരേ പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.
നാടും നഗരവും വരള്‍ച്ചയില്‍ മുങ്ങി ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ആകെയുള്ള ശുദ്ധജലവും മലിനമാക്കുന്ന സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ തന്നെ ചിലയിടങ്ങളില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാറക്കടവ് പാലത്തിലും കൂരിയാട് പാലത്തിലും മാലിന്യം നിക്ഷേപിക്കാനെത്തിയവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയിരുന്നു.

Latest