Connect with us

Articles

തിരഞ്ഞെടുപ്പ് കാലത്തെ രഹസ്യ കരാറുകള്‍

Published

|

Last Updated

കേരളത്തില്‍ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വോട്ട് കച്ചവടത്തെക്കുറിച്ച വിവാദം കൊഴുക്കുകയാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത്തരം വിവാദങ്ങള്‍ ഉയരാറുണ്ടെങ്കിലും ഇക്കുറി കുറേക്കൂടി രൂക്ഷമാണ്. ഏറെക്കുറേ വിശ്വസനീയമാണെന്ന് തോന്നുന്നു ആരോപണങ്ങള്‍. സി പി എം നേതാക്കളായ പ്രകാശ് കാരാട്ടും പിണറായി വിജയനും എം എ ബേബിയുമൊക്കെ പറയുന്നത് കേരളത്തില്‍ ഇടതു സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബി ജെ പിയും രഹസ്യ ധാരണയുണ്ടാക്കിയെന്നാണ്. വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ ബി ജെ പി സഹായിക്കുന്നതിന് പ്രത്യുപകാരമായി തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് വോട്ട് ചെയ്തു എന്നാണ് അവര്‍ ആരോപിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരനും കെ മുരളീധരനും പറയുന്നത് സി പി എമ്മുകാരാണ് വോട്ട് കച്ചവടത്തിന്റെ ആളുകളെന്നാണ്. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലന് വേണ്ടി സി പി എം വോട്ടുകള്‍ മറിച്ചെന്നും പകരം എം എ ബേബി മത്സരിക്കുന്ന കൊല്ലമുള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ സി പി എമ്മിനെ ബി ജെ പി സഹായിച്ചുവെന്നുമാണ് മുരളീധരന്റെ കണ്ടെത്തല്‍. ഈ ആരോപണത്തെ തിരുവനന്തപുരം ഡി സി സി തന്നെ തിരുത്തുന്നുണ്ട്. ഇവിടെ കോണ്‍ഗ്രസ് വോട്ടുകളാണ് ബി ജെ പി സ്ഥാനാര്‍ഥിക്കു വേണ്ടി മറിച്ചതെന്നാണ് ശനിയാഴ്ച ചേര്‍ന്ന ഡി സി സി യോഗത്തില്‍ ഉയര്‍ന്ന ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍ ശക്തന്‍ പ്രവര്‍ത്തിച്ചതിന് തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് ചില ഡി സി സി അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. പാലക്കാട്ട് എം പി വീരേന്ദ്രകുമാര്‍ ബി ജെ പി വോട്ടുകള്‍ വിലക്ക് വാങ്ങിയെന്ന ആക്ഷേപവും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അവിടെ മത്സരം കനത്തതും ഇടത്, വലത് സ്ഥാനാര്‍ഥികളുടെ അഭിമാന മണ്ഡലമാണ് എന്നതും ഇത് കേവലം ആരോപണം മാത്രമാണെന്ന് കരുതാനുമാകില്ല. മാത്രമല്ല, വീരേന്ദ്രകുമാറും സി പി എം നേതൃത്വവും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത ശത്രുതയും ആരോപണത്തിന് ബലം നല്‍കുന്നു. മുമ്പാണെങ്കില്‍ വിരേന്ദ്രകുമാറിന് വോട്ട് ചെയ്യാന്‍ ബി ജെ പിക്കും ആര്‍ എസ് എസിനും വൈമനസ്യം കാണുമായിരുന്നു. പുറമെ അദ്ദേഹം പ്രകടിപ്പിക്കാറുള്ള വര്‍ഗീയ ഫാസിസ്റ്റ്‌വിരോധം പോലും ഏറെക്കുറെ കെട്ടടങ്ങിയ ഇന്നത്തെ സാഹചര്യത്തില്‍ അവരുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ടല്ലോ.
വോട്ട് കച്ചവടവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ കേവലം സാങ്കല്‍പ്പികവും തങ്ങളുടെ സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന ശങ്കയില്‍ മുന്‍കൂര്‍ ജാമ്യം നേടലുമാണെങ്കിലും വ്യക്തമായ ആസൂത്രണത്തോടെയും നിരന്തര ചര്‍ച്ചക്കൊടുവിലും രൂപപ്പെട്ട വോട്ട് കച്ചവടങ്ങള്‍ കേരളത്തിന് അപരിചിതമല്ല. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ബി ജെ യും ചേര്‍ന്ന് രൂപപ്പെടുത്തിയ സഖ്യം (കോ ലീ ബി) ഈ ഗണത്തിലൊന്നായിരുന്നു. മഞ്ചേശ്വരത്ത് നിന്ന് കെ ജി മാരാരെ നിയമസഭയിലെത്തിച്ച് കേരളത്തില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനായി കേരളത്തിലെ പ്രമുഖനായ ആര്‍ എസ് എസ് നേതാവാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിന് മുന്‍കൈയെടുത്തത്. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളിലും അന്ന് യു ഡി എഫിന് വേണ്ടി രംഗത്തുണ്ടായിരുന്നത് കോ ലീ ബി സഖ്യത്തിന്റെ നോമിനികളായ യഥാകൃമം അഡ്വ. രത്‌നസിംഗും ഡോ.കെ മാധവന്‍ കുട്ടിയുമായിരുന്നു. ലീഗിന്റെ ഉന്നതരായ ആത്മീയ നേതാക്കളടക്കം മുന്ന് പാര്‍ട്ടികളുടെയും നേതൃപട തന്നെ ഇവര്‍ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങുകയുമുണ്ടായി. എന്നാല്‍, വോട്ടെണ്ണിയപ്പോള്‍ വിജയം ഇടതുപക്ഷ സ്ഥാനാര്‍ഥികളായ കെ പി ഉണ്ണിക്കൃഷ്ണനും ടി കെ ഹംസക്കുമായിരുന്നു. ഈ സഖ്യത്തെക്കുറിച്ചു പിന്നിട് മാധവന്‍ കുട്ടി തന്നെ വെളിപ്പെടുത്തിയതാണ്. തുടര്‍ന്നും പല തിരഞ്ഞെടുപ്പുകളിലും ഇത്തരം ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആര്‍ എസ് എസ് വോട്ട് വില്‍പ്പന നടത്തിയ കാര്യം ആര്‍ എസ് എസ് നേതാക്കള്‍ തന്നെ പിന്നീട് തുറന്നു പറയുകയും ഇതേചൊല്ലി സംഘടനയില്‍ ഭിന്നിപ്പും ഉരുള്‍പൊട്ടലും ഉടലെടുക്കുകയും ചെയ്തിരുന്നു.
ഒരേ മുന്നണിയിലെ ചില കക്ഷികള്‍ക്കിയില്‍ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെയും ചേരിപ്പോരിന്റെയും പശ്ചാത്തലത്തിലും വോട്ട് മറിക്കുന്ന പ്രവണതയുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ചേരിപ്പോര് പരസ്യമാണ്. ഇതേ ചൊല്ലി ഇത്തവണ മലപ്പുറത്തും പൊന്നാനിയിലും കോണ്‍ഗ്രസുകാര്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരായി പ്രവര്‍ത്തിക്കുകയും വോട്ട് മറിക്കകയും ചെയ്തതായി ആരോപണുണ്ട്. പൊന്നാനിയെക്കുറിച്ചാണ് വലിയ വാര്‍ത്തകള്‍ രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. വയനാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ലീഗ് ഇതിന് പ്രതികാരം വീട്ടിയെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെയാണ് പറയുന്നത്.
വോട്ട് കച്ചവടത്തിന്റെ പേരില്‍ കൂടുതലും പഴി കേള്‍ക്കേണ്ടി വരുന്നത് ബി ജെ പിയാണ്. യു ഡി എഫിനെതിരെ എല്‍ ഡി എഫും മറിച്ചും ആരോപിക്കാറുള്ളത് ബി ജെ പിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയും വോട്ട് കച്ചവടത്തെയും കുറിച്ചാണ്. ബി ജെ പിയെ ഇരുമുന്നണികളും ഭയക്കുന്നതു കൊണ്ടാണ് , അവര്‍ ബി ജെ പിക്കെതിരെ വോട്ട് കച്ചവട പചാരണം നടത്തുന്നതെന്നും ഇതില്‍ കഴമ്പില്ലെന്നുമാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ വാദം. പക്ഷേ, ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ തന്നെ, തങ്ങളുടെ വോട്ട് കച്ചവടം പിന്നീട് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുരളീധരന്റെ പ്രസ്താവന മുഖവിലക്കെടുക്കുക പ്രയാസം.
വോട്ട് കച്ചവടം ആര് നടത്തിയാലും അണികളെ വിഡ്ഢികളാക്കലും അവരോടുള്ള കൊടിയ വഞ്ചനയുമാണ്. ബി ജെ പിയുടെ വര്‍ഗീയ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടി, അതിനെ പ്രതിരോധിച്ചില്ലെങ്കില്‍ രാജ്യത്ത് മതന്യുനപക്ഷങ്ങളുടെ നില അവതാളത്തിലാകുമെന്ന് സ്ഥാപിച്ചാണ് കോണ്‍ഗ്രസും ലീഗും സി പി എമ്മുമെല്ലാം തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതിന്റെ അനിവാര്യത അണികളെ ബോധ്യപ്പെടുത്തുന്നത്. നേതാക്കളുടെ തീപ്പൊരി പ്രസംഗത്തില്‍ ആവേശം പൂണ്ട് അണികള്‍ വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തിയായി രംഗത്ത് വരുന്നത്. അതിനിടിയിലാണ് പാര്‍ട്ടി നേതൃത്വം അടച്ചിട്ട മുറിക്കകത്തിരുന്ന് ബി ജെ പി, ആര്‍ എസ് എസ് നേതക്കളുമായി രഹസ്യ ചര്‍ച്ച നടത്തി വോട്ട് കച്ചവടം ഉറപ്പിക്കുന്നത്. ഇപ്പേരില്‍ വന്‍തുക കൈപ്പറ്റി ബേങ്ക് അക്കൗണ്ട് പോഷിപ്പിക്കുന്ന വിരുതന്മാരുമുണ്ട് രാഷ്ട്രീയ നേതാക്കളില്‍. പാവങ്ങളായ അണികള്‍ക്ക് തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയതും ജോലി ഉപേക്ഷിച്ചു “പ്രിയപ്പെട്ട” സ്ഥാനാര്‍ഥിക്കും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിച്ചതും മാത്രം മിച്ചം.
പോപ്പുലര്‍ ഫ്രണ്ട് പോലെ തീവ്രസ്വഭാവമുള്ള കക്ഷികളുമായും ഇരുമുന്നണികളും മുഖ്യധാരാ പാര്‍ട്ടികളും ധാരണയില്‍ ഏര്‍പ്പെടാറുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെ നിര്‍ബന്ധിക്കുകയുണ്ടായെന്ന ഇടുക്കി ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റിന്റെ ഈയിടത്തെ പ്രസ്താവന, യു ഡി എഫും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തുന്നത്. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബന്ധം സ്ഥാപിക്കുകവഴി തീവ്രവാദ സംഘടനകള്‍ക്ക് നിലനില്‍പ്പുണ്ടാക്കിക്കൊടുക്കുന്നത്, തീവ്രവാദത്തിനെതിരെ ഗീര്‍വാണം നടത്തുന്ന മുഖ്യധാരാ പാര്‍ട്ടികളാണെന്നത് വിരോധാഭാസമാണ്.

Latest