Connect with us

Eranakulam

രാജ കുടുംബത്തെ അവഹേളിക്കുന്ന നടപടിയോട് സര്‍ക്കാര്‍ യോജിക്കില്ല: ചെന്നിത്തല

Published

|

Last Updated

കൊച്ചി: ശ്രീ പത്മാനാഭസ്വാമി ക്ഷേത്രവുമായി തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള അഭേദ്യമായ ബന്ധവും ഭക്തരുടെ വികാരവും കണക്കിലെടുത്താകും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവിതാംകൂര്‍ രാജകുടുംബത്തെ അവഹേളിക്കുന്ന ഒരു നടപടിയോടും സര്‍ക്കാര്‍ യോജിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ ഇടക്കാല വിധി അംഗീകരിക്കുന്നു. അമിക്കസ് ക്യൂറിയുടെ അഭിപ്രായ പ്രകാരമായിരിക്കാം സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. പക്ഷെ സര്‍ക്കാറിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവരുടെ ആചാരങ്ങളും മര്യാദകളും പാരമ്പര്യങ്ങളുമുണ്ട്. അതെല്ലാം സര്‍ക്കാര്‍ കണക്കിലെടുക്കും. ഇതെല്ലാം പരിഗണിച്ചുകൊണ്ടാകും സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം കൊടുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭരണസമിതിയെ വെച്ചപ്പോഴും സര്‍ക്കാര്‍ ഇത്തരമൊരു നിലപാടാണ് സ്വീകരിച്ചത്. സാമൂതിരി രാജാവിന്റെ പ്രതിനിധിയെ അതില്‍ ഉള്‍പ്പെടുത്തിയത്് അതുകൊണ്ടാണ്.
ഇത്രയും വലിയ നിധി ശേഖരം അവര്‍ കാത്തുസൂക്ഷിച്ചുവെച്ചുവെന്നത് ചെറിയകാര്യമല്ല. രാജകുടുംബത്തെ അവിശ്വസിക്കേണ്ട കാര്യമേയില്ല.
കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം വാസ്തവ വിരുദ്ധമാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പിടിപ്പുകേടുണ്ടായിട്ടില്ല. സര്‍ക്കാര്‍ സത്യവാങ്മൂലം കൊടുക്കാന്‍ പോകുന്നതേയുള്ളൂ. 600 പേജുള്ള ഇടക്കാല വിധിന്യായം പരിശോധിക്കാനുള്ള സമയം പോലും ലഭിച്ചിട്ടില്ല.
ചങ്ങരംകുളത്തെ പോലീസ് കസ്റ്റഡി മരണത്തില്‍ വീഴ്ച സംഭവിച്ചതിനെതിരെ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. മരണത്തെക്കുറിച്ച് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ ശേഷം വീഴ്ചയുണ്ടെന്ന് കണ്ടാല്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.