Connect with us

Kasargod

ആര്‍ എം എസ് എ കന്നഡ ക്ലാസ്സുകള്‍ നിലനിര്‍ത്തണം: ജില്ലാ പഞ്ചായത്ത്

Published

|

Last Updated

കാസര്‍കോട്: രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാന്‍(ആര്‍ എം എസ് എ) പദ്ധതിയനുസരിച്ച് ജില്ലയില്‍ തുടങ്ങിയ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും എണ്ണം പരിമിതപ്പെടുത്തിയതോടെ കന്നഡ ഡിവിഷന്‍ ക്ലാസ്സുകള്‍ റദ്ദ് ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസ മന്ത്രിക്കും ആര്‍ എം എസ് എ ഡയറക്ടര്‍ക്കും കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം അറിയിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ആര്‍ എം എസ് എ ഡയറക്ടറുടെ പുതിയ ഉത്തരവ് പ്രകാരം അഞ്ച് അധ്യാപകര്‍, ഒരു ഹെഡ്മാസ്റ്റര്‍, ഒരു ക്ലാര്‍ക്ക് എന്നിവര്‍ക്ക് മാത്രമേ ആര്‍ എം എസ് എ ഫണ്ടില്‍നിന്നും ശമ്പളം നല്‍കാന്‍ പാടുള്ളൂവെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയില്‍ പല സ്‌കൂളുകളിലും മലയാളത്തിനു പുറമേ കന്നഡയിലും ക്ലാസ്സുകള്‍ നടത്തേണ്ടതുണ്ട്. ഇതനുസരിച്ച് മലയാള ഡിവിഷനൊപ്പം കന്നഡ ഡിവിഷന്‍ ക്ലാസ്സുകളും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ അധ്യാപക നിയമം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് നടപ്പാകുന്നതോടെ കന്നട ഡിവിഷന്‍ ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി വരും. നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് കൂട്ടത്തോടെ ടി സി നല്‍കേണ്ടി വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കന്നഡ വിഭാഗത്തില്‍ അധ്യാപകരെ നിയമിച്ചിട്ടുണ്ട്.