Connect with us

Ongoing News

താഴ്‌വരയുടെ തേങ്ങല്‍ ആരടക്കും?

Published

|

Last Updated

പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റ് സുബ്ഹി നിസ്‌കരിച്ച് ലഘു പ്രഭാത ഭക്ഷണവും കഴിച്ച് പ്രചാരണത്തിന് ഒരുങ്ങുകയാണ് ജമ്മു കാശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും കേന്ദ്ര മന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ഈ മാസം മുപ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വിശ്രമമില്ലാത്ത പ്രചാരണ ഓട്ടത്തിലാണ് ഏത് സ്ഥാനാര്‍ഥിയെയും പോലെ 77 കാരനായ ഇദ്ദേഹം. ഇത്തവണ ഫാറൂഖ് അബ്ദുല്ല നേരിടുന്നത് കടുത്ത മത്സരമാണെന്നതിനാല്‍ ഓരോ വോട്ടര്‍മാരെയും നേരിട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തുന്നു. കാശ്മീര്‍ താഴ്‌വരയിലെ മിക്ക പ്രദേശങ്ങളിലും സ്വതസിദ്ധമായ ശൈലിയിലും നര്‍മം ചേര്‍ത്ത പ്രസംഗത്തിലുമാണ് ഫാറൂഖ് അബ്ദുല്ല വോട്ടര്‍മാരെ കൈയിലെടുക്കുന്നത്. ഇവിടുത്തെ ദര്‍ഗകളിലും മറ്റും സന്ദര്‍ശനം നടത്താനും അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തുന്നു.

പി ഡി പിയുടെ താരീഖ് ഹമീദ് കാരയാണ് ഫാറൂഖ് അബ്ദുല്ലയുടെ മുഖ്യ എതിരാളി. നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ എതിര്‍ത്താണ് അബ്ദുല്ലയുടെ പ്രചാരണം കൊഴുക്കുന്നത്. മുസ്‌ലിംവിരുദ്ധനാണ് മോദിയെന്ന് അദ്ദേഹം തുറന്നടിക്കുന്നു. മോദിയെ തനിക്ക് ഭയമില്ല. എന്നാല്‍, അദ്ദേഹത്തിന്റെ നിലപാടുകള്‍ രാജ്യത്തിനും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയാണ് പ്രചാരണ വേദികളില്‍ ഫാറൂഖ് അബ്ദുല്ലയുടെ സ്ഥിരം വാക്കുകളാണിത്. മോദിയെ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നത് നാഷനല്‍ കോണ്‍ഫറന്‍സിന് എത്രത്തോളം നേട്ടമുണ്ടാക്കുമെന്നതില്‍ പാര്‍ട്ടിക്ക് തന്നെ ആശങ്കയുണ്ട്. ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്ന ശ്രീനഗറിലാകട്ടെ ബി ജെ പി സാന്നിധ്യം ഭീഷണി ഉയര്‍ത്താന്‍ പോന്നതല്ല. യു പി എ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അദ്ദേഹത്തിന് കഴിയുന്നില്ലെന്ന പോരായ്മയും ഇത്തവണയുണ്ട്.
നാഷനല്‍ കോണ്‍ഫറന്‍സില്‍ നിന്ന് മണ്ഡലം തിരിച്ചു പിടിക്കാനുള്ള ചാണക്യതന്ത്രങ്ങളാണ് പി ഡി പിയുടെ ഭാഗത്ത് നിന്നുണ്ടായത്. മര്‍മമറിഞ്ഞ് തന്നെ രാഷ്ട്രീയ ആരോപണങ്ങള്‍ എയ്തിടാന്‍ പി ഡി പിക്ക് കഴിയുന്നുണ്ട്. 59കാരനായ കാരക്ക് ശ്രീനഗറില്‍ നല്ല സ്വാധീനമുണ്ട്. കൂടാതെ ശ്രീനഗറിന്റെ വികസ പ്രശ്‌നങ്ങളും ഫാറൂഖ് അബ്ദുല്ലയുടെ കൊള്ളരുതായ്മകളും ചൂണ്ടിക്കാട്ടിയാണ് പി ഡി പിയുടെ പ്രചാരണം മുന്നേറുന്നത്. ശ്രീനഗര്‍ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണിപ്പറയണമെന്ന് കാര വെല്ലുവിളിക്കുന്നു. മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിലെ പോരായ്മകള്‍ക്ക് കാരണം ഫാറൂഖ് അബ്ദുല്ലയാണെന്നും അദ്ദേഹം പറയുന്നു. കോടിക്കണക്കിന് രൂപയുടെ ക്രിക്കറ്റ് അഴിമതിയും കാര പ്രചാരണ വിഷയമാക്കുന്നുണ്ട്. വലിയ കള്ളന്മാരാണ് കാശ്മീരിനെ പ്രതിനിധാനം ചെയ്യുന്നതെന്നും ഫാറൂഖ് അബ്ദുല്ലയുടെ കുടുംബത്തിന് നേര്‍ക്കാണ് ക്രിക്കറ്റ് അഴിമതി വിരല്‍ ചൂണ്ടുന്നതും കാര പറയുന്നു.
ഫാറൂഖ് അബ്ദുല്ലയുടെ മകനും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലക്കെതിരെയും പി ഡി പി വിമര്‍ശ ശരങ്ങളെയ്യുന്നുണ്ട്. സംസ്ഥാനത്തെ വിറ്റ് തുലക്കുകയാണ് ഉമര്‍ അബ്ദുല്ല ചെയ്യുന്നതെന്നും പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളെ അടിയറവ് വെച്ചെന്നുമാണ് ഉമര്‍ അബ്ദുല്ലക്കെതിരെയുള്ള ആരോപണങ്ങള്‍.
എന്നാല്‍, ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫാറൂഖ് അബ്ദുല്ല. പോളിംഗ് ശതമാനം കുറഞ്ഞാലും പേടിക്കാനില്ലെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ കണക്കു കൂട്ടല്‍. തങ്ങളുടെ വോട്ട് ബേങ്ക് ഉറച്ചതാണെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കന്‍ഗന്‍ മേഖലയിലെ ഗുജ്ജാറുകളുടെ പിന്തുണയാണ് ഫാറൂഖ് അബ്ദുല്ലക്ക് ആത്മവിശ്വാസം പകരുന്നത്. ഗുജ്ജാറുകളുടെ നേതാവ് മിയന്‍ അല്‍ത്താഫിനെ ഉമര്‍ അബ്ദുല്ല മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന്റെ നന്ദി അവര്‍ പ്രകാശിപ്പിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ പ്രത്യാശ. ഗ്രാമീണ മേഖലയില്‍ വോട്ടര്‍മാരുടെ ബഹിഷ്‌കരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ബദ്ഗാം മേഖലയില്‍ സ്വാധീനമുള്ള എ എ പി സ്ഥാനാര്‍ഥി രാജാ മുസാഫര്‍ ഭട്ടും വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വതന്ത്രയായി മത്സരിക്കുന്ന റാബിഅ അല്‍ത്താഫും എന്‍ സിയുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാക്കും. കോണ്‍ഗ്രസ് വിമതന്‍ അഗ സയ്യിദ് മുഹ്‌സിനും ഷിയാ വോട്ടുകള്‍ ലക്ഷ്യം വെച്ച് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

Latest