Connect with us

Kerala

വധഭീഷണിയുമായി മാവോയിസ്റ്റുകള്‍ പോലീസുകാരന്റെ വീട്ടില്‍; ബൈക്ക് കത്തിച്ചു

Published

|

Last Updated

കല്‍പ്പറ്റ: അര്‍ധരാത്രി പോലീസുകാരന്റെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വാതില്‍ തുറക്കാനാവശ്യപ്പെട്ട സംഘം, പോലീസുകാരന്‍ പുറത്തിറങ്ങാത്തതില്‍ രോഷാകുലരായി വീടിനോട് ചേര്‍ന്ന് നിത്തിയിട്ട ബൈക്കിന് തീയിട്ടു. മാനന്തവാടി ട്രാഫിക് യൂനിറ്റില്‍ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മൂന്ന് വനിതകളടക്കമുള്ള നാലംഗ സംഘമെത്തിയത്.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പേര്യ റെയ്ഞ്ചിലെ വനത്തോട് ചേര്‍ന്നുള്ള മട്ടിലയത്താണ് പ്രമോദിന്റെ വീട്. കതകിന് മുട്ടിവിളിച്ചതിനെ തുടര്‍ന്ന് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് സംഘത്തെ കണ്ടത്. ജനല്‍ തുറന്ന ഉടനെ കൈയില്‍ കയറിപ്പിടിച്ച സംഘത്തലവന്‍ രൂപേഷ് “തന്നെയാണ് ഞങ്ങള്‍ തിരക്കി നടക്കുന്നത്. ഞങ്ങളെ പിടിക്കാനായി കാട്ടിലേക്കിനി വന്നാല്‍ കൊന്നുകളയും” എന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മകനെ ഇനി പോലീസ് പണിക്ക് പറഞ്ഞയക്കരുതെന്നും കൃഷിപ്പണിക്ക് അയച്ചാല്‍ മതിയെന്നും ഇല്ലെങ്കില്‍ മാതാവിന് മകനുണ്ടാകില്ലെന്നും ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പ്രമോദിന്റെ മാതാവിനെ ഭീഷണിപ്പെടുത്തി.
വീട്ടിലെ ലൈറ്റിടാനോ ബഹളം വെക്കാനോ തോക്ക് ചൂണ്ടിയ സംഘം അനുവദിച്ചില്ലെന്ന് മാതാവ് പറഞ്ഞു. സംഘം കൊണ്ടുവന്ന പോസ്റ്റര്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ഷെഡ്ഡിലുണ്ടായിരുന്ന ബൈക്ക് മുറ്റത്തിറക്കി തീവെക്കുകയും ചെയ്ത ശേഷമാണ് ഇവര്‍ മടങ്ങിപ്പോയത്. ജനലിലൂടെ വെള്ളം പുറത്തേക്കൊഴിച്ചാണ് ബൈക്കിലെ തീ കെടുത്തിയത്. ഇവര്‍ പോയി 15 മിനുട്ട് കഴിഞ്ഞാണ് മൊബൈല്‍ നെറ്റവര്‍ക്ക് ലഭിച്ചത്. ഇവരുടെ കൈവശം ജാമര്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തുകയും വീടിന് രാത്രി മുഴുവന്‍ കാവലേര്‍പ്പെടുത്തുകയും ചെയ്തു.
രൂപേഷ് ഒഴികെയുള്ളവരെ പ്രമോദോ അമ്മ ജാനകിയോ തിരിച്ചറിഞ്ഞിട്ടില്ല. കോളനികളില്‍ നിന്ന് മാവോയിസ്റ്റുകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്ത സംഘത്തില്‍ പ്രമോദുമുണ്ടായിരുന്നു. ഇതാണ് മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്. തിങ്കളാഴ്ച രാത്രി കുങ്കിച്ചിറയില്‍ ഒമ്പതംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. അവിടെ നല്‍കിയ കാട്ടുതീ പ്രസിദ്ധീകരണത്തില്‍ പോലീസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശമുണ്ടായിരുന്നു. ഇന്നലെ പ്രമോദിന്റെ വീടിന്റെ ചുമരില്‍ പതിച്ച പോസ്റ്ററില്‍ ഒറ്റുകാര്‍ക്കുള്ള ശിക്ഷ മരണമാണെന്നും ഈ നോട്ടീസ് താക്കീത് മാത്രമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.